നാലു മാസത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഒപിയിലെത്തിയത് 40,000 ഹൃദ്രോഗികൾ
Saturday, September 27, 2025 2:25 AM IST
തിരുവനന്തപുരം: കഴിഞ്ഞ നാലു മാസത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒപിയിൽ മാത്രമെത്തിയത് 40,000 ഹൃദ് രോഗികളെന്ന് കാർഡിയോളജ് വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ്. ഒരു ദിവസം ഒപിയിൽ 600 മുതൽ 700 വരെ രോഗികൾ എത്തുന്നുണ്ട്.
ഒരു മാസം 400 ആൻജിയോപ്ലാസ്റ്റികൾ ഇവിടെ നടത്തിവരുന്നു. ഇതിൽ 200 എണ്ണവും ഹൃദയാഘാതം മൂലം അടിയന്തര സാഹചര്യത്തിൽ പ്രവേശിക്കുന്ന രോഗികൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
വികസിത യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായി ഡോർ ടു ബലൂണ്‍ ടൈം പാലിച്ച് (60 മിനിറ്റ്) ആൻജിയോപ്ലാസ്റ്റി ചെയ്യാൻ തിരുവനന്തപുരം മെഡിക്കൽ കോളജിനും സാധിക്കുന്നുണ്ട്. ട്രാൻസ് ആർട്ടിക് വാൽവ് പ്ലാന്റേഷൻ പോലുള്ള അതിനൂതനവും ചെലവേറിയതുമായ ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചെലവിൽ വിവിധ സർക്കാർ പദ്ധതികളിൽപ്പെടുത്തി ചെയ്യുന്നുണ്ട്.
വികസിത രാജ്യങ്ങൾക്കു സമാനമായ രണ്ടു മുതൽ നാലു ശതമാനം വരെയുള്ള മരണനിരക്കാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാണിക്കുന്നത്. ഹൃദ് രോഗത്തിന്റെ തോത് അവിശ്വസിനീയമായ വിധത്തിൽ വർധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
ഹൃദ്രോഗത്തെ അകറ്റി നിർത്തുന്നതിനുള്ള ആരോഗ്യകരമായ ജീവിതശൈലിയും രോഗം വന്നാൽ ഉടൻ ചികിത്സ തേടുന്നതിനും ഫസ്റ്റ് എയ്ഡ് നൽകുന്നതിനും സമൂഹത്തിൽ അവബോധം വരേണ്ടതുണ്ടെന്നും ഡോ. മാത്യു ഐപ്പ് പറഞ്ഞു.