പ്രഥമ നോർക്ക പ്രഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഇന്ന് കൊച്ചിയിൽ
Saturday, September 27, 2025 2:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനകുതിപ്പിന് സഹായകരമാകുന്നതിന് ലോകത്തെമ്പാടുമുളള കേരളീയരായ പ്രഫഷണലുകളുടെയും സംരംഭകരുടെയും സ്ഥിരം പ്ലാറ്റ്ഫോം രൂപീകരിക്കുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് (കൊച്ചി ഗ്രാൻഡ് ഹയാത്തിൽ) ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ലോക കേരള സഭയുടെ വിവിധ പ്ലാറ്റ്ഫോമുകൾ രൂപീകരിക്കുന്നതിനുളള തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ പ്രഫഷണൽ ആൻഡ് ബിസിനസ് പ്ലാറ്റ്ഫോം രൂപീകരിക്കുന്നത്.
വൈജ്ഞാനിക സമൂഹമായി വളർന്നുകൊണ്ടിരിക്കുന്ന കേരളത്തിന് ലോകമാകെയുളള സിഇഒമാരുടെയും സംരംഭകരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കാൻ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കേവലമായ ഡയസ്പോറ യോഗങ്ങളോ, നിക്ഷപക സംഗമങ്ങളോ മാത്രമല്ല മറിച്ച് ബൗദ്ധികമായ ശേഷിയുടെയും ടെക്നോളജിയുടെയും അനുഭവസമ്പത്തിന്റെയും പരസ്പരകൈമാറ്റം ലക്ഷ്യമിടുന്ന മീറ്റിൽ അഞ്ച് വിഷയങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചർച്ചകൾ നടക്കുകയെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.