ഇന്ന് ലോക ടൂറിസം ദിനം; സിനിമയിലെ പാലത്തെ ടൂറിസത്തിലെടുത്തു
Saturday, September 27, 2025 2:24 AM IST
ജിബിന്‍ കുര്യന്
കോട്ടയം: സിനിമകള്‍ സൂപ്പര്‍ ഹിറ്റും മെഗാഹിറ്റുമൊക്കെയായി മാറുമ്പോള്‍ ആ സിനിമ ചിത്രീകരിച്ച ഇടങ്ങള്‍ പില്ക്കാലത്ത് പ്രശസ്തി നേടും.
കിരീടത്തിലെ സേതുമാധവനും കാമുകി ദേവിയും തമ്മില്‍ കാണുന്ന പാലം, സേതുമാധവന് ജീവിതം നഷ്്ടപ്പെട്ട തെരുവ്, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്കരന് സ്വര്‍ണം പണിയുന്ന കട ഷൂട്ട് ചെയത തണ്ണീര്‍കോട്, മംഗലശേരി നീലകണ്ഠന്റെയും അറയ്ക്കല്‍ മാധവനുണ്ണിയുടെയും തറവാടായ വരിക്കാശേരി മന തുടങ്ങി ഗൃഹാതുരുത ഉണര്‍ത്തുന്ന ഇടങ്ങള്‍ നിരവധിയാണ്.
അഭ്രപാളികളില്‍ ആസ്വദിച്ച ഈ ലൊക്കേഷനുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ സിനിമ ടൂറിസം പദ്ധതി ആരംഭിക്കുന്നത്.
കിരീടം സിനിമ ഷൂട്ട് ചെയ്ത വെള്ളായണി കായലും പാലവും സമീപ പ്രദേശങ്ങളുമാണ് ആദ്യമായി ഈ പദ്ധതിയില്‍ വരിക. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സിനിമയാണ് കിരീടം. 1.22 കോടി രൂപയാണ് ഈ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്.
കിരീടത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ശില്പങ്ങള് പാലത്തിന് സമീപം സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ മോഹന്‍ലാലിന്റെയും പാര്‍വതിയുടെയും ശില്പങ്ങള് ഒരുക്കും. പാലത്തിന്റെ സമീപ പ്രദേശങ്ങള്‍ ലാന്‍ഡ്സ്കേപിംഗ് നടത്തി ആകര്‍ഷകമാക്കി സഞ്ചാരികള്‍ക്ക് ഇരിപ്പിടങ്ങളും ഫുഡ് കിയോസ്ക്കുകളും സജ്ജമാക്കിയിട്ടുണ്ട്.
പാലക്കാട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രധാന ലൊക്കേഷനുകളും സിനിമ ടൂറിസകേന്ദ്രങ്ങളാക്കാനുള്ള ആലോചനയിലാണ്. പാലക്കാട് കൊല്ലങ്കോട്, പട്ടാമ്പി, ഒറ്റപ്പാലം, വാളയാര്‍, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഇടുക്കി ജില്ലയിലെ തൊടുപുഴ മലങ്കര, കുടയത്തൂര്‍, കടപ്പന, ചെറുതോണി കണ്ണൂര്‍ ആലക്കോട്, എറണാകുളം വൈപ്പിന്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും അടുത്ത ഘട്ടങ്ങളിലായി പദ്ധതി ആരംഭിക്കും. ഇതിനോടൊപ്പം സംസ്ഥാനത്തെ ലൊക്കേഷനുകള്‍ വേറെയും സിനികളെടുക്കാന് പ്രയോജനകരമാകും. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ തങ്ങിനില്ക്കുന്ന രംഗങ്ങള്‍ പലതുണ്ടാകും.

അങ്ങനെ മനസില്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളെ വിനോദസഞ്ചാരയിടങ്ങള്‍ ആക്കി മാറ്റുക എന്നതാണ് സിനി ടൂറിസം ലക്ഷ്യമാക്കുന്നത്. കേരളത്തിലെ പ്രധാന ലോക്കേഷനുകള്‍ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.