ഷാഫിക്കെതിരായ ജില്ലാ സെക്രട്ടറിയുടെ ആരോപണം; സിപിഎമ്മിൽ ഭിന്നത
Saturday, September 27, 2025 2:25 AM IST
പാലക്കാട്: ഷാഫി പറന്പിൽ എംപിക്കെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ആക്ഷേപത്തെച്ചൊല്ലി സിപിഎമ്മിൽ അഭിപ്രായഭിന്നത. ഷാഫിക്കെതിരായ ജില്ലാ സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാതെയായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. ജില്ലാ സെക്രട്ടറിതന്നെ തെളിവുകൾ പുറത്തുവിടട്ടെയെന്നു സിപിഎം നേതാക്കൾ പ്രതികരിച്ചു.
യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് സുരേഷ് ബാബുവിനെതിരേ ജില്ലാ പോലീസ് മേധാവിക്കു പരാതികൊടുത്തതും പാർട്ടിയെ വെട്ടിലാക്കുകയാണ്. ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ കക്ഷിചേരുന്നില്ലെന്നായിരുന്നു മുതിർന്ന നേതാവായ എ.കെ. ബാലന്റെ പ്രതികരണം. ആരോപണം പറഞ്ഞ ജില്ലാ സെക്രട്ടറിക്ക് അതു തെളിയിക്കാൻ കൈയിൽ തെളിവുണ്ടാകുമല്ലോ. തന്റെ കൈയിൽ രേഖ ഇല്ലാത്തതുകൊണ്ട് ആരോപണം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ ചുമതലയിൽനിന്നു നീക്കുകയാണു വേണ്ടതെന്നും മറ്റു വിഷയങ്ങൾ ഉന്നയിച്ച് വഴിതിരിച്ചുവിടേണ്ടെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. ജില്ലാ സെക്രട്ടറി എന്തുകൊണ്ട് ആരോപണം ഉന്നയിച്ചുവെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണം. യൂത്ത് കോണ്ഗ്രസ് നേതാവ് പരാതിനൽകിയതിൽ അഭിപ്രായം പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
അതേസമയം, പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പ്രതികരിച്ചു. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അവർ ഷാഫി വീണുകാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും.
വ്യക്തിപരമായി ഉയരുന്ന അശ്ലീലങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ സിപിഎമ്മിനു താത്പര്യമില്ല. ആരെങ്കിലും പറയുന്നതുകേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളേ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു.
വി.ഡി. സതീശന്റെ നെഞ്ചത്ത് രാഹുൽ കയറി. അപ്പോൾ സതീശൻ നടപടിയെടുത്തു. സതീശനെതിരേ പുതിയ ഗ്രൂപ്പ് രൂപവത്കരിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചപ്പോൾ സതീശൻ തിരിച്ചടിച്ചുവെന്നും സുരേഷ് ബാബു പറഞ്ഞു.