എൻഎസ്എസ് നിലപാട് രാഷ്ട്രീയചർച്ചയാകുന്നു
Saturday, September 27, 2025 3:00 AM IST
സാബു ജോണ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സീസണിലേക്കു കേരളം കടക്കാനിരിക്കെ എൻഎസ്എസ് സ്വീകരിച്ച പരസ്യ രാഷ്ട്രീയ നിലപാട് സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു.
കാലങ്ങളായി പിന്തുടർന്നു വരുന്ന സമദൂരത്തിൽനിന്നുള്ള വ്യതിചലനമെന്നു പറയുന്നില്ലെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എൽഡിഎഫിനും സർക്കാരിനും നൽകിയ ഗുഡ് സർട്ടിഫിക്കറ്റ് അവർക്ക് ഏറെ ആഹ്ലാദത്തിനു വക നൽകുന്നതാണ്.
മൂന്നാം ഇടതു സർക്കാർ എന്ന സിപിഎമ്മിന്റെ പ്രചാരണ മുദ്രാവാക്യത്തിന് നിലന്പൂർ ഉപതെരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയായിരുന്നു. പി.വി. അൻവർ എന്ന ശക്തനായ സ്വതന്ത്രന്റെ സാന്നിധ്യമുണ്ടായിട്ടും യുഡിഎഫ് നേടിയ അനായാസ വിജയം ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്നും വ്യാഖ്യാനിക്കപ്പെട്ടു.
ശബരിമലയിൽ ആവേശപൂർവം യുവതികളെ പ്രവേശിപ്പിച്ച് നവോത്ഥാനത്തിനു ശ്രമിച്ചു കൈപൊള്ളിയ അനുഭവം സിപിഎം മറക്കില്ല. അതിനു പരിഹാരം കണ്ടശേഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാനായത്.
ശബരിമലയിൽ യുവതീപ്രവേശത്തിനുവേണ്ടി വാദിച്ചവർ ആറു വർഷത്തിനിപ്പുറം അയ്യപ്പസംഗമം നടത്തുന്നതിലെ ശരികേടുകളൊന്നും സിപിഎമ്മിനെ ബാധിച്ചില്ല. അത് അന്നത്തെ നിലപാട്, ഇത് ഇപ്പോഴത്തെ നിലപാട് എന്ന വ്യാഖ്യാനത്തിൽ വിമർശനങ്ങളെ തള്ളാനാണ് സിപിഎം നേതൃത്വം ശ്രമിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെ ഉപേക്ഷിച്ച ന്യൂനപക്ഷ പ്രേമത്തിനു പകരം ഭൂരിപക്ഷ സ്നേഹത്തിലേക്ക് സിപിഎമ്മും ഇടതുമുന്നണിയും മെല്ലെ കടക്കുകയാണ്.
ട്രോളുകൾ ഏറെ ഏറ്റുവാങ്ങിയെങ്കിലും അയ്യപ്പസംഗമം ഫലം തരുന്നതായാണ് സിപിഎമ്മിന്റെ അനുഭവം. ഇടതുമുന്നണിയുമായി ഏറെ അകന്നുനിന്നിരുന്ന എൻഎസ്എസിന്റെ പിന്തുണ നേടാനായത് രാഷ്ട്രീയമായി അവർക്കു നേട്ടമാണ്. ഒപ്പം എസ്എൻഡിപിയുടെ ശക്തമായ പിന്തുണയും. ഈഴവ വോട്ടുകൾ ബിജെപിയിലേക്കു നീങ്ങുന്നതിന്റെ ശക്തമായ സൂചനകൾ കഴിഞ്ഞ രണ്ടുമൂന്നു തെരഞ്ഞെടുപ്പുകളിലായി കാണുന്നുണ്ട്. അതിന്റെ നഷ്ടം സഹിക്കേണ്ടിവന്നത് ഇടതുമുന്നണിയായിരുന്നു. ആ ഒഴുക്കു തടയാൻ സാധിച്ചു എന്ന ആത്മവിശ്വാസത്തിലാണു സിപിഎം.
എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും നിലപാടുകൾ ഏറ്റവും കൂടുതൽ മോഹഭംഗമുണ്ടാക്കുന്നത് ബിജെപിക്കാണ്. ഹൈന്ദവ അടിത്തറ ശക്തിപ്പെടുത്തി ക്രിസ്ത്യൻ ന്യൂനപക്ഷത്തിൽനിന്നുള്ള പിന്തുണകൂടി നേടി വരുന്ന തെരഞ്ഞെടുപ്പുകളിൽ ശക്തി തെളിയിക്കാനാണു ബിജെപി കുറച്ചു നാളുകളായി ശ്രമിച്ചുവന്നിരുന്നത്.
ഛത്തീസ്ഗഡ് ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കു നേരേ നടന്ന അതിക്രമങ്ങളും നടപടികളും ക്രൈസ്തവർക്കിടയിൽ വലിയ ആശങ്ക പരത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീമാരെ മോചിപ്പിക്കാൻ സഹായവുമായി മുന്നോട്ടു വന്ന ബിജെപി സംസ്ഥാന നേതാക്കൾക്കെതിരേ കേരളത്തിലെ ചില സംഘപരിവാർ സംഘടനകൾ രംഗത്തു വന്നതും ക്രിസ്ത്യൻ പിന്തുണ എന്ന സ്വപ്നത്തിനു മങ്ങലേൽപിച്ചു. ഇതിനിടെ, സംസ്ഥാനത്തെ രണ്ടു പ്രബല ഹൈന്ദവ സമുദായ സംഘടനകൾ സിപിഎമ്മിനൊപ്പം നിൽക്കുന്നത് ബിജെപിയുടെ മോഹങ്ങൾക്കു തിരിച്ചടിയാകും.
മറുവശത്ത് യുഡിഎഫിനെ മുസ്ലിം മേധാവിത്വമുള്ള മുന്നണി എന്ന ലേബലിൽ ചിത്രീകരിക്കാൻകൂടിയാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഇതിന്റെ അപകടം യുഡിഎഫും കോണ്ഗ്രസും തിരിച്ചറിയുന്നുണ്ട്. വർഗീയതയ്ക്കെതിരേ അതിശക്തമായ നിലപാടെടുക്കുന്ന മതേതര മുന്നണി എന്ന പ്രതിച്ഛായ സൃഷ്ടിക്കുക എന്നതാണ് ഇതിനുള്ള യുഡിഎഫിന്റെ മറുപടി. പാലക്കാട്, നിലന്പൂർ ഉപതെരഞ്ഞെടുപ്പുകളിൽ അത് അവർ പരീക്ഷിച്ചു വിജയിപ്പിച്ചു.
കടുത്ത ഭരണവിരുദ്ധ വികാരത്തിനു തടയിടാൻ മത, സമുദായ സംഘടനകളുടെ പിന്തുണ മതിയാകില്ലെന്ന വിലയിരുത്തലിലാണ് അവർ. അതിനൊപ്പം സിപിഎമ്മും ബിജെപിയും ധാരണയിൽ എന്ന ആരോപണവും അവർ ഉയർത്തുന്നു. ഇരുപക്ഷത്തും രാജിയാക്കിയ നിരവധി കേസുകൾ ഉൾപ്പെടെ ധാരാളം ഉദാഹരണങ്ങൾ അവർക്കു നിരത്താനുമുണ്ട്.
നിലവിൽ കേരള രാഷ്ട്രീയത്തിൽ സോഷ്യൽ എൻജിനിയറിംഗ് എന്ന രാഷ്ട്രീയകലയിൽ പിണറായി വിജയനോളം വിരുത് മറ്റാർക്കുമില്ല. യുഡിഎഫിൽ അങ്ങനെയൊരാൾ ഇല്ലാത്തതിന്റെ കുറവ് അനുഭവപ്പെടുന്നുമുണ്ട്.
ഇതു പറയുന്പോഴും തെരഞ്ഞെടുപ്പിലേക്ക് ഇനിയും കുറേ അകലമുണ്ട്. അതിനിടയിൽ ഒരുപാടു വിഷയങ്ങളും സംഭവവികാസങ്ങളും ഉണ്ടാകാം. അതെല്ലാം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുകയും ചെയ്തേക്കാം.