ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ സൂപ്പർ ഓവറിൽ ഇന്ത്യക്ക് ജയം
Saturday, September 27, 2025 3:18 AM IST
ദുബായ്: സൂപ്പർ ഓവറിലേക്ക് നീണ്ട സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ ശ്രീലങ്കയെ കീഴടക്കി. ഇതോടെ, 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യ ലോക ചാന്പ്യന്മാരെന്ന അഭിമാനം കാത്തു.
നാളെ നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 202/5 എന്ന സ്കോർ പടുത്തുയർത്തി. പതും നിസാങ്കയുടെ സെഞ്ചുറിയും (107) കുശാൽ പെരേരയുടെ (58) അർധസെഞ്ചുറിയും ചേർന്നപ്പോൾ ലങ്കയും 20 ഓവറിൽ 202/5.
അവസാന ഓവറിൽ 12 റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന ലങ്കയ്ക്ക്, ഹർഷിത് റാണ എറിഞ്ഞ ഓവറിൽ 11 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. അതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. അർഷദീപ് സിംഗ് എറിഞ്ഞ സൂപ്പർ ഓവറിൽ രണ്ട് റണ്‍സിനിടെ ലങ്കയുടെ രണ്ട് വിക്കറ്റും നഷ്ടമായി. ഹസരങ്ക എറിഞ്ഞ ആദ്യ പന്തിൽ മൂന്ന് റണ്‍സ് എടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയെ ജയത്തിൽ എത്തിച്ചു.
അഭിഷേക്, തിലക്, സഞ്ജു
ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി നേടുന്നതിനാണ് ഇന്നലെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. 31 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കം അഭിഷേക് 61 റൺസ് നേടി. ശുഭ്മാൻ ഗിൽ (4), സൂര്യകുമാർ യാദവ് (12) എന്നിവർ തിളങ്ങിയില്ല.
നാലാം നന്പറിൽ എത്തിയ തിലക് വർമയും (34 പന്തിൽ 49 നോട്ടൗട്ട്) അഞ്ചാം നന്പറിൽ ഇറങ്ങിയ സഞ്ജു സാംസനും (23 പന്തിൽ 39) ഇന്ത്യയുടെ മധ്യനിരയ്ക്കു ബലമേകി. ഹാർദിക് പാണ്ഡ്യ (2) വേഗത്തിൽ പുറത്തായപ്പോൾ അക്സർ പട്ടേൽ 15 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.