ക്യാച്ച് കൈവിട്ടാല്‍ കളി പോകും...
Saturday, September 27, 2025 3:18 AM IST
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ബ്ലോക്ബസ്റ്റര്‍ ഫൈനല്‍. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നാളെ നടക്കുന്ന ഫൈനലില്‍ കൊമ്പുകോര്‍ക്കും. ആധികാരിക പ്രകടനത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്.
ആധികാരികതയ്ക്ക് ഇടയിലും ഇന്ത്യയെ വലട്ടുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്: മധ്യനിര ബാറ്റിംഗില്‍ താളം കണ്ടെത്താതത്. രണ്ട്: ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന ഫീല്‍ഡിംഗ് പിഴവ് തുടര്‍ക്കഥയാകുന്നത്. മധ്യനിര ബാറ്റിംഗില്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഫീല്‍ഡിംഗിലെ പഴുത് അടച്ചില്ലെങ്കില്‍ ഫൈനലില്‍ ഇന്ത്യക്കു കൈപൊള്ളും.
ബംഗ്ലാദേശിന്റെ പിഴവ്
സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനോട് 11 റണ്‍സിനു പരാജയപ്പെടാനുണ്ടായ പ്രധാന കാരണം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതാണ്. ആ തോല്‍വിയോടെ അര്‍ഹിച്ച ഫൈനല്‍ സ്ഥാനം ബംഗ്ലാദേശിനു നഷ്ടപ്പെട്ടു. ഫലത്തില്‍ 2025 ഏഷ്യ കപ്പില്‍ മൂന്നാമതും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള കളമൊരുങ്ങി.
സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശ് 12-ാം ഓവറില്‍ ഷഹീന് അഫ്രീദിയെ രണ്ടു തവണ വിട്ടുകളഞ്ഞപ്പോള്‍ പാക്കിസ്ഥാന്റെ സ്കോര്‍ 51/5 എന്നതായിരുന്നു. ഒരു റണ്‍ മാത്രമുണ്ടായിരുന്ന അഫ്രീദി 13 പന്തില്‍ 19 റണ്‍സുമായാണ് പുറത്തായത്. 15 പന്തില്‍ 25 റണ്‍സ് നേടിയ മുഹമ്മദ് നവാസിനെ പൂജ്യത്തില്വച്ചും ബംഗ്ലാദേശ് വിട്ടുകളഞ്ഞിരുന്നു.
12 ക്യാച്ച് കളഞ്ഞ ഇന്ത്യ
സൂപ്പര്‍ ഫോറില്‍ ഇന്നലെ ശ്രീലങ്കയ്ക്ക് എതിരേ നടന്ന അപ്രധാന മത്സരത്തിനു മുമ്പ്, ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത് 12 ക്യാച്ചുകളാണെന്നു പറഞ്ഞാല്‍ അവിശ്വസിക്കേണ്ട. 2025 ഏഷ്യ കപ്പില്‍ അഞ്ചു മത്സരങ്ങളില്‍നിന്നുള്ള ഇന്ത്യയുടെ ക്യാച്ചിംഗ് കഴിവ് 67.5 ശതമാനം മാത്രം. ഹോങ്കോംഗ് മാത്രമാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ ക്യാച്ച് വിട്ടുകളഞ്ഞത്.
സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന് എതിരായ മത്സരത്തില്‍ ഇന്ത്യ നാലു ക്യാച്ച് വിട്ടുകളഞ്ഞു. ഫീല്‍ഡിംഗില്‍ ഒന്നില്‍ അധികം പിഴവും വരുത്തി. ബംഗ്ലാദേശിന് എതിരായ സൂപ്പര്‍ ഫോറില്‍, അവരുടെ ടോപ് സ്കോററായ സെയ്ഫ് ഹസനെ 40, 65, 66, 67 സ്കോറുകളില്‍ നില്ക്കുമ്പോള് കൈവിട്ടെന്നതും ശ്രദ്ധേയം. മത്സരത്തില്‍ അഞ്ച് ക്യാച്ചാണ് ഇന്ത്യ നിലത്തിട്ടത്.
ചോരുന്ന കൈകളുമായാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നാളെ ഫൈനലില്‍ ഇറങ്ങുന്നതെങ്കില്‍, പകരം വീട്ടാനൊരുങ്ങുന്ന പാക്കിസ്ഥാന് അതൊരു കൈ സഹായം ആകുമെന്നതില്‍ തര്‍ക്കമില്ല.