ബുസ്ക്വെറ്റ്സ് മതിയാക്കുന്നു
Saturday, September 27, 2025 3:18 AM IST
മയാമി: അമേരിക്കന്‍ മേജര്‍ ലീഗ് (എംഎസ്എല്‍) സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ സ്പാനിഷ് ഫുട്ബോളര് സെര്‍ജിയൊ ബുസ്ക്വെറ്റ്സ് വിരമിക്കുന്നു. 2025 മേജര്‍ ലീഗ് സീസണ് അവസാനിക്കുന്നതോടെ ബുസ്ക്വെറ്റ്സ് ഫുട്ബോള്‍ കളത്തിനോട് പൂര്‍ണമായി വിടപറയും.
സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ അക്കദമി വഴി കാല്‍പ്പന്ത് ലോകത്തില്‍ എത്തിയ ബുസ്ക്വെറ്റ്സ്, 18 വര്‍ഷം ക്ലബ്ബിനൊപ്പം ചെലഴിച്ചശേഷമാണ് 2023ല്‍ ഇന്റര്‍ മയാമിയില്‍ എത്തിയത്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ സൗഹൃദത്തിന്റെ പേരിലായിരുന്നു ബുസ്ക്വെറ്റ്സ് ഇന്റര്‍ മയാമിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
2010 ലോകകപ്പ് ജേതാവ്
ഫിഫ 2010 ലോകകപ്പ്, യുവേഫ 2012 യൂറോ കപ്പ് ട്രോഫികള്‍ സ്പെയിനിന് ഒപ്പം സ്വന്തമാക്കിയ ഈ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്ലബ് തലത്തില്‍ ഇതുവരെ 829 മത്സരങ്ങളില്‍ ബൂട്ട് അണിഞ്ഞു. ഇതില്‍ 722 മത്സരങ്ങളും എഫ്സി ബാഴ്സലോണയ്ക്കു വേണ്ടിയായിരുന്നു.
ഇന്റര്‍ മയാമിക്കായി ഇതുവരെ 105 മത്സരങ്ങളില്‍ ഇറങ്ങി. ക്ലബ് തലത്തില്‍ 829 മത്സരങ്ങളില്‍നിന്ന് 19 ഗോളും 62 അസിസ്റ്റും നടത്തി. 2009 മുതല്‍ 2022വരെയുള്ള സ്പാനിഷ് ദേശീയ ടീം കരിയറില്‍ 143 മത്സരങ്ങള്‍ കളിച്ചു. രണ്ട് ഗോള്‍ സ്വന്തമാക്കി.