ഫിഫ 2026 ലോകകപ്പ് ഭാഗ്യചിഹ്നങ്ങൾ
Saturday, September 27, 2025 3:18 AM IST
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഫിഫ 2026ന്റെ ഭാഗ്യചിഹ്നങ്ങള്‍ എത്തി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഫിഫ 2026 ലോകകപ്പ് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്.
മൂന്നു രാജ്യങ്ങളെയും പ്രതിനിധീകരിച്ച്, മൂന്നു ഭാഗ്യചിഹ്നങ്ങളാണ് 2026 ലോകകപ്പിലുള്ളത്. മൂന്നു ഭാഗ്യചിഹ്നങ്ങളും ഫിഫ ഇന്നലെ ഔദ്യോഗികമായി പുറത്തുവിട്ടു. 2026 ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പിലേക്ക് ഒമ്പതു മാസത്തിന്റെ അകലം മാത്രമാണുള്ളത്.
മൂന്ന്; ഇതാദ്യം
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഫിഫ ലോകകപ്പിന് മൂന്നു രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ മൂന്ന് ഭാഗ്യചിഹ്നം ലോകകപ്പില്‍ എത്തുന്നത് ഇതാദ്യമല്ല.
2002ല്‍ ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ അറ്റോ, കാസ്, നിക്ക് എന്നിങ്ങനെ മൂന്നു ഭാഗ്യചിഹ്നമുണ്ടായിരുന്നു.
2026 ലോകകപ്പിലെ മൂന്ന് ആതിഥേയ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് ഇത്തവണത്തെ ഭാഗ്യചിഹ്നങ്ങള്‍. ഫൈനല്‍ അടക്കം അരങ്ങേറുന്ന അമേരിക്കയെ പ്രതിനിധീകരിച്ച് ക്ലച്ച് എന്നു പേരിട്ടിരിക്കുന്ന മൊട്ടത്തലയനായ പരുന്ത്, മെക്സിക്കോയെ പ്രതിനിധീകരിച്ച് സായു എന്ന ജാഗ്വാര്‍, കാനഡയെ പ്രതിനിധീകരിച്ച് മേപ്പിള്‍ എന്ന മൂസ് എന്നിവയാണ് ഭാഗ്യചിഹ്നങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ മാന്‍ വിഭാഗത്തില്‍പ്പെട്ട മൃഗമാണ് മൂസ്.
1994 ലോകകപ്പിനും അമേരിക്ക ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് സ്ട്രൈക്കര്‍ എന്നു പേരിട്ട നായയായിരുന്നു ഭാഗ്യചിഹ്നം. അന്ന് ഭാഗ്യചിഹ്നത്തിനു പേരിടാന്‍ ആരാധകര്‍ക്ക് അവസരം നല്‍കിയിരുന്നു. 1996ല്‍ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് ആദ്യമായി ഭാഗ്യചിഹ്നം അവതരിപ്പിച്ചത്.