സുബ്രതോയില്‍ കേരള സര്‍ജിക്കല്‍ സ്ട്രൈക്ക്
Saturday, September 27, 2025 3:18 AM IST
കോഴിക്കോട്: ഫാറൂഖ് കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബോയ്സ് ടീം ന്യൂഡല്‍ഹിയില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. അതോടെ പയ്യന്മാര് ചരിത്രത്താളില്‍. 65 വര്‍ഷം പഴക്കമുള്ള സുബ്രതോ കപ്പ് ഫുട്ബോളില്‍ ചാമ്പ്യന്മാരാകുടെ കേരളത്തില്‍നിന്നുള്ള ആദ്യ ടീം എന്ന ചരിത്രം കുറിച്ച ഫാറൂഖ് സ്കൂള്‍ ടീം ഇന്നലെ രാത്രിയില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങി.
ഫാറൂഖിന്റെ ചുണക്കുട്ടികള്‍ മത്സരിച്ചത് ശാരീരിക ശേഷിയിലും ഉയരത്തിലും തടിമിടുക്കിലും മികച്ചുനിന്ന ടീമുകളുമായി. എതിരാളികള്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുത്തപ്പോഴും തടി കേടാകാതെയാണ് ഫാറൂഖ് ടീം കേരളത്തെ അഭിമാന നേട്ടത്തിലെത്തിച്ചത്.
ആകെ വഴങ്ങിയത് രണ്ടു ഗോളുകള്‍ മാത്രം. ന്യൂഡല്‍ഹിയിലെ കടുത്ത ചൂടിനെ ഫാറൂഖിലെ കുട്ടികള്‍ അതിജീവിച്ചു. ടീമിന്റെ കഠിനാധ്വാനവും കഠിനമായ പരിശീലനവും താരങ്ങളുടെ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റവുമാണ് വിജയത്തിനു നിദാനമെന്ന് മുഖ്യ പരിശീലകന് വി.പി. സുനീര്‍ ചൂണ്ടിക്കാട്ടി.
മറ്റു ടീമുകളുടെയെല്ലാം മത്സരങ്ങള്‍ കുട്ടികള്‍ സസൂക്ഷ്മം വീക്ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എതിരാളികളുമായുള്ള മത്സരത്തില്‍ സ്വീകരിക്കേണ്ട സ്ട്രാറ്റജി രൂപപ്പെടുത്തി. ഇത് കളിക്കളത്തില്‍ കുട്ടികള്‍ പ്രാവര്‍ത്തികമാക്കിയതാണ് ഫലം കണ്ടതെന്നും സുനീര്‍ ദീപികയോടു പറഞ്ഞു. ഫൈനലില്‍ ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്കൂളിനെ 2-0നാണ് ഫാറൂഖിന്റെ ചുണക്കുട്ടികള്‍ തകര്‍ത്തത്.
ഗോകുലത്തിന്റെ തണലില്‍
ഇതിനു മുമ്പ് രണ്ടു പ്രാവശ്യം മാത്രമാണ് കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ടീം സുബ്രതോ കപ്പില്‍ പങ്കെടുത്തത്. അന്ന് ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. ഗോകുലം എഫ്സി അക്കാദമിയുടെ മുഖ്യപരിശീലകന്‍ പാലക്കാട് എടത്തനാട്ടുകര സ്വദേശി വി.പി. സുനീര്‍ 2025 ഓഗസ്റ്റില്‍ ഫാറൂഖ് ടീമിന്റെ പരിശീലന ചുമതല ഏറ്റെടുത്തതിനു ശേഷം വരുത്തിയ മാറ്റങ്ങള്‍ ഫലം കണ്ടുവെന്ന് കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ടൂര്‍ണമെന്റ് അനൗണ്‍സ് ചെയ്തതിനു ശേഷം മാത്രം തീവ്രപരിശീലനം നടത്തുന്ന രീതി സുനീര്‍ പാടെ മാറ്റി. നാലു മാസമായി ഫാറൂഖ് ടീം കോച്ചിംഗ് ക്യാമ്പിലായിരുന്നു. ഓണം, നബിദിന ആഘോഷങ്ങളെല്ലാം ക്യാമ്പില്‍ത്തന്നെ. താരങ്ങളുടെ കായികക്ഷമത കൂട്ടാനായി വി.പി. സുനീര്‍ നിര്‍ദേശിച്ച മെനുപ്രകാരമാണ് ഭക്ഷണം ക്രമീകരിച്ചത്.
ഫാറൂഖ് ടീമിന്റെ ചിട്ടയായ പരിശീലനവും സമര്‍പ്പണവും എല്ലാ മത്സരങ്ങളിലും പ്രതിഫലിച്ചു. ക്യാപ്റ്റന്‍ പി.പി. മുഹമ്മദ് ജസീം അലിയുടെ നേതൃത്വത്തിലുള്ള ഫാറൂഖ് ടീം ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മുന്നിട്ടു നിന്നു. ഗോകുലം എഫ്സിക്കും അഭിമാനനിമിഷമാണിത്.
ഗോകുലം എഫ്സിയാണ് ടീമിനെ സ്പോണ്സര് ചെയ്തത്. താരങ്ങളുടെ കാര്യങ്ങളില്‍ ഒരു കുറവുമുണ്ടായിരുന്നില്ല. ഗോകുലം എഫ്സിയുടെ പ്രധാന പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് ഫാറൂഖ് സ്കൂളിലാണ്. ഇതും ഗുണം ചെയ്തു.
ഫെഡറേഷന് കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ ലീഗ് എന്നിവയില്‍ എസ്ബിടിക്കു വേണ്ടി ജഴ്സിയണിഞ്ഞതിന്റെ അനുഭവ സമ്പത്തുമായാണ് സുനീര്‍ ഗോകുലം എഫ്സി അക്കാദമിയുടെ മുഖ്യപരിശീലകന്റെ വേഷമണിഞ്ഞത്.