സ്വര്‍ണക്കടത്ത് കേസിൽ സർക്കാരിനു തിരിച്ചടി
Saturday, September 27, 2025 3:00 AM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷല്‍ കമ്മീഷന്റെ അന്വേഷണം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ചും ശരിവച്ചു.
ഇഡി നല്കിയ ഹര്‍ജിയിലെ ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹര്‍ജി തള്ളിയാണ് ജസ്റ്റീസുമാരായ എസ്.എ. ധര്‍മാധികാരി, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കാനാണ് ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ചു സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
സമാന്തരമായി മറ്റ് അന്വേഷണങ്ങളും പരിശോധനകളും നടക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തെ തടസപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുമെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയായിരുന്നു 2021 ഓഗസ്റ്റ് 11ന് വിജ്ഞാപനം സ്റ്റേ ചെയ്തു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നെന്ന തരത്തില്‍ പുറത്തുവന്ന പ്രതികളായ സുരേഷിന്റെ ഫോണ്‍ ശബ്ദരേഖയുടെയും സന്ദീപ് നായര്‍ കോടതിക്കെഴുതിയ കത്തിന്റെയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇഡിക്കെതിരേ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി.കെ. മോഹനനെ അന്വേഷണ കമ്മീഷനായി നിയോഗിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവും തുടര്‍നടപടികളുമാണ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
കേന്ദ്രസര്‍ക്കാരിന്റെ ഒരു വകുപ്പ് മാത്രമായ ഇഡിക്ക് സംസ്ഥാന സര്‍ക്കാരിനെതിരേ ഹര്‍ജി നല്കാന് കഴിയില്ലെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നുമുള്ള സിംഗിള്‍ ബെഞ്ചിനു മുന്നിലെ വാദം 2021ല്‍ നല്കിയ അപ്പീല്‍ ഹര്‍ജിയിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.