വീഴ്ത്താമെന്ന് ആരും കരുതേണ്ട: ഷാജഹാന്
Saturday, September 27, 2025 2:24 AM IST
കൊച്ചി: ലൈംഗിക കേസുകളിലും മറ്റും ഇരകള്‍ക്കുവേണ്ടി പോരാടിയ ആളാണു താനെന്നും ഭീഷണിപ്പെടുത്തി വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും കെ.എം. ഷാജഹാൻ.
വലിയതോതില്‍ സമ്മര്‍ദത്തിലാക്കാന്‍ ഭരണകൂടം ശ്രമിച്ചു. തനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്റെ കൂടെ നിന്ന് ഇത്തരം പോരാട്ടങ്ങള്‍ നടത്തിയ ആളാണ്. 300 ഓളം ഭീഷണി കോളുകളാണ് തനിക്കു വന്നത്.
2000 വീഡിയോകള്‍ യുട്യൂബില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു പരാതി വരുന്നത്. തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കിളിരൂര്‍ കേസിലടക്കം ഇരകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും ജാമ്യം നേടിയശേഷം കോടതിക്കു പുറത്തെത്തിയ ഷാജഹാന് പ്രതികരിച്ചു.
പോലീസിന് സല്യൂട്ടെന്ന് ഷൈന്‍
ഷാജഹാനെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് സല്യൂട്ടെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാന്‍ എല്ലാവരും ശ്രമിക്കണം.
ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്നവരെ കളയാന്‍ ബുദ്ധിമുട്ടാണ്. മാലിന്യത്തെ നിര്‍മാര്‍ജനം ചെയ്യാനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കുകയാണ്. ഷാജഹാന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പോരാട്ടം തുടരും, സര്‍ക്കാരിനു നന്ദി. ഗൂഢാലോചന ഉണ്ടോയെന്നു പോലീസ് അന്വേഷിക്കട്ടേയെന്നും ഷൈന്‍ പ്രതികരിച്ചു.