ഉരുളക്കിഴങ്ങ് കൃഷി വ്യാപകമാക്കാൻ പഞ്ചാബുമായി കൈകോർക്കുമെന്ന് കൃഷിവകുപ്പ്
Saturday, September 27, 2025 2:25 AM IST
തിരുവനന്തപുരം: കേരളത്തിന്റെ പാരിസ്ഥിതിക മേഖലയ്ക്ക് അനുയോജ്യമായ ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈകോർക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്.
ഇതു സംബന്ധിച്ച് പഞ്ചാബ് ഹോർട്ടികൾച്ചർ മന്ത്രി മൊഹീന്ദർ ഭഗത്തുമായി മന്ത്രി പ്രസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടുക്കിയിലെ കാന്തല്ലൂര്‍, വട്ടവട മേഖലകളിൽ അടക്കം കേരളത്തിൽ വിവിധ ഇടങ്ങളിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് വരുന്നുണ്ട്.
മികച്ച രോഗ പ്രതിരോധ ശേഷിയും അത്യുത്പാദന ശേഷിയും പരിസ്ഥിതിക മേഖലയ്ക്ക് അനുയോജ്യവുമായ വിത്തിനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള പദ്ധതി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന വിഭാവനം ചെയ്യും.
ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തിലെ ഉരുളക്കിഴങ്ങ് കൃഷിക്ക് കൂടുതൽ ദിശാബോധം സൃഷ്ടിക്കാൻ ഈ ചുവടുവയ്പ്പ് കൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഞ്ചാബ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ പഞ്ചാബ് കൃഷി വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ.ബസന്ത് ഗാർഗ്, ഹോർട്ടകൾച്ചർ ഡയറക്ടർ ഷൈലേന്ദർ കൗർ, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ.പി. രാജശേഖരൻ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോണ്‍ എന്നിവരും പങ്കെടുത്തു.