പ്രതിയായ ഡോക്ടറെ ചേസ് ചെയ്തു പിടിക്കാൻ ശ്രമം; പോലീസുകാരൻ അപകടത്തില്‍ മരിച്ചു
Saturday, September 27, 2025 2:25 AM IST
കാസര്‍ഗോഡ്: സ്വിഫ്റ്റ് കാറില്‍നിന്ന് എംഡിഎംഎ പിടികൂടിയ കേസില്‍ പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട ഡോക്ടറെ സ്വന്തം കാറില്‍ പിന്തുടര്‍ന്ന പോലീസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡ് അംഗമായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. സജീഷ് (38) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മറ്റൊരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രനെ (40) പരിക്കുകളോടെ ചെങ്കള ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 2.45 ഓടെ ദേശീയപാതയില്‍ വിദ്യാനഗറിനു സമീപം നാലാംമൈലില്‍ വച്ച് ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചായിരുന്നു അപകടം.
നേരത്തേ ദേശീയപാതയില്‍ ചട്ടഞ്ചാലിനു സമീപത്തുവച്ച് പോലീസ് പരിശോധനാസംഘത്തെ വെട്ടിച്ച് കടന്ന സ്വിഫ്റ്റ് കാറിനെ പോലീസ് വാഹനത്തില്‍ പിന്തുടര്ന്ന് 3.28 ഗ്രാം എംഡിഎംഎയും 10.65 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. കാറിലുണ്ടായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി ബി.എം. അഹമ്മദ് കബീറി(36)നെ അറസ്റ്റ് ചെയ്തു.
എന്നാല്‍ കാര്‍ ഓടിച്ചിരുന്ന വിദ്യാനഗറിലെ ദന്തഡോക്ടര്‍ മുഹമ്മദ് സുനീര്‍ കാറില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
സുനീറിനെ കണ്ടെത്താനായി രണ്ടാമത് നടത്തിയ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്. സുനീറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡും മേല്‍പ്പറമ്പ് പോലീസും ചേര്‍ന്നാണ് ദേശീയപാതയില്‍ പരിശോധന നടത്തിയത്.
പോലീസിനെ വെട്ടിച്ച് അമിതവേഗതയില്‍ കടന്ന കാര്‍ ചട്ടഞ്ചാല്‍ ജംഗ്ഷനില്‍വച്ച് ഒരു സ്കൂട്ടറില്‍ ഇടിച്ചാണു നിന്നത്. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന സുനീര്‍ ഉടന്‍തന്നെ കാറില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സ്കൂട്ടര്‍ യാത്രികന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഇതിനു ശേഷമാണ് സജീഷും സുഭാഷ് ചന്ദ്രനും ആള്‍ട്ടോ കാറില്‍ സുനീറിനെ പിന്തുടരാന് ശ്രമിച്ചത്. മേല്‍പ്പറമ്പ് സ്റ്റേഷനിലെ എസ്ഐ എ.എന്‍. സുരേഷ് കുമാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ സുഭാഷ്, സജിത്ത് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
ചെറുവത്തൂര്‍ മയിച്ച സ്വദേശിയായ സജീഷ് നീലേശ്വരം പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്നു. പരേതരായ കൃഷ്ണന് -കെ.കെ. ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി (കരിന്തളം).
മക്കള്‍: ദിയ സജി(നീലേശ്വരം എന്‍കെബിഎം സ്കൂള്‍ വിദ്യാര്‍ഥിനി), ദേവജ് സജി. സഹോദരങ്ങള്‍: പ്രജീഷ്, ജയേഷ്. (ഇരുവരും മലേഷ്യ).