തൊട്ടുമുന്നിൽ കടുവ; കർഷകൻ മരത്തിൽ കയറി രക്ഷപ്പെട്ടു
Saturday, September 27, 2025 2:24 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് അട്ടയോലിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ മുന്നിൽനിന്നു കർഷകന് അദ്ഭുതരക്ഷപ്പെടൽ.
കാട്ടുപന്നിയെ പിടിച്ചുതിന്ന ശേഷം മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന കടുവയ്ക്കു മുന്നിൽപ്പെട്ട വള്ളിക്കാവുങ്കൽ മാത്യുവാണ് (അപ്പച്ചൻ- 68) കടുവയുടെ മുന്നിൽപ്പെട്ടയുടൻ മരത്തിൽ കയറി രക്ഷപ്പെട്ടത്.
മീറ്ററുകളുടെ അകലത്തിൽ കടുവയുമായി മുഖാമുഖം കണ്ട മാത്യു ഉടൻതന്നെ സമീപത്തെ കശുമാവിൽ കയറുകയായിരുന്നു.
മരത്തിന്റെ മുകളിൽനിന്ന് ഫോൺ വിളിച്ച് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തിയപ്പോഴേക്കുംം കടുവ അവിടെനിന്നു പോയിരുന്നു. തുടർന്ന് മാത്യുവിനെ മരത്തിൽനിന്നു താഴെ ഇറക്കി സുരക്ഷിതമായി റോഡിലെത്തിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
അങ്ങാടിക്കടവ് അട്ടയോലിമല റോഡിനോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണു കടുവയെ കണ്ടത്. തന്റെ കൃഷിയിടത്തിൽ ഇറങ്ങുന്ന കുരങ്ങുകളെ ഓടിക്കാനായി പോയതായിരുന്നു മാത്യു.
തന്റെ സ്ഥലത്തോടു ചേർന്ന ബന്ധുവിന്റെ പറന്പിൽനിന്നു കുരങ്ങുകൾ അസാധാരണമായ രീതിയിൽ ശബ്ദമുണ്ടാക്കുന്നതു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അങ്ങോട്ട് പോകുകയായിരുന്നു. കുറ്റിക്കാടുകൾ നിറഞ്ഞ പറന്പിൽ പാതി തിന്ന നിലയിൽ കാട്ടുപന്നിയുടെ ജഡാവശിഷ്ടവും ഇതിനടുത്തുള്ള കൂറ്റൻ മരച്ചുവട്ടിൽ വിശ്രമിക്കുന്ന കടുവയെയും കാണുകയായിരുന്നുവെന്ന് മാത്യു പറഞ്ഞു.