കുടുംബശ്രീ എഫ്എന്‍എച്ച്ഡബ്ല്യു പദ്ധതി വിപുലീകരിക്കുന്നു
Saturday, September 27, 2025 2:25 AM IST
കൊച്ചി: സംസ്ഥാനത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മതിയായ പോഷകവും ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ എഫ്എന്‍എച്ച്ഡബ്ല്യു (ഫുഡ്, ന്യൂട്രീഷന്‍, ആരോഗ്യം, ശുചിത്വം) പദ്ധതി വിപുലീകരിക്കുന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാനാണു തീരുമാനം. പരമാവധി പേര്‍ക്കു ജൈവ പോഷകാഹാരം ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും.
പൊതുവിദ്യാലയങ്ങളിലും അങ്കണവാടികളിലും നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും.
പ്രാദേശിക തലത്തില്‍ അങ്കണവാടികളിലേക്ക് ആവശ്യമായി വരുന്ന മുട്ട, പാല് എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉത്പാദിപ്പിച്ചു വിതരണം ചെയ്യും.