സോനം വാംഗ്ചുക് അറസ്റ്റിൽ
Saturday, September 27, 2025 3:01 AM IST
ലേ: ലഡാക്ക് പ്രക്ഷോഭ നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാംഗ്ചുക് അറസ്റ്റിൽ. ലഡാക്ക് പോലീസ് മേധാവി എസ്ഡി സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു വാംഗ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്.
സ്വദേശമായ ഉലിയക്തോപോയിൽനിന്ന് ഉച്ചയ്ക്ക് 2.30നാണ് പോലീസ് അദ്ദേഹത്തെ കൊണ്ടുപോയത്. അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയതായാണു വിവരം. ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.
ലഡാക്കിനു സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെത്തുടർന്നുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. വാംഗ്ചുക്കിന്റെ പ്രകോപനപ്രസംഗങ്ങളാണു സംഘർഷത്തിനു കാരണമായതെന്നാണു കേന്ദ്രസർക്കാർ ആരോപിക്കുന്നത്.
തുടർച്ചയായ മൂന്നാം ദിവസവും കർഫ്യു തുടരുന്ന ലേയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയ സംഘം അവലോകനയോഗം ചേർന്നു. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.