ഡൽഹി ചെങ്കോട്ടയ്ക്കു സമീപം മലയാളി വിദ്യാർഥികൾക്കു നേരേ ആൾക്കൂട്ട ആക്രമണം
Saturday, September 27, 2025 3:01 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു മലയാളി വിദ്യാർഥികൾക്കു നേരേ ആൾക്കൂട്ട ആക്രമണമുണ്ടായതായി പരാതി. ഡൽഹി സക്കീർ ഹുസൈൻ കോളജിലെ രണ്ടാംവർഷ വിദ്യാർഥികളായ ഐ.ടി. അശ്വന്തും കെ.സുധിനുമാണ് ചെങ്കോട്ടയ്ക്കടുത്തുവച്ച് ആക്രമണത്തിനിരയായത്.
ആൾക്കൂട്ടം മർദിച്ചതിനു പിന്നാല അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും ആൾക്കൂട്ടത്തോടൊപ്പം ചേർന്നു പോലീസുകാരും തങ്ങളെ അവഹേളിച്ചെന്നും ആക്രമിച്ചെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും അക്രമികളെയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയും നീതിക്കുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജോണ് ബ്രിട്ടാസ് എംപി ഡൽഹി പോലീസ് കമ്മീഷണർക്കു കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ 24ന് ചെങ്കോട്ടയ്ക്കു സമീപമുള്ള മാർക്കറ്റിലായിരുന്നു സംഭവം. അവിടെവച്ച് ഒരാൾ തന്റെ ആപ്പിൾ വാച്ചും ഫോണും വിൽക്കാൻ തങ്ങളെ സമീപിച്ചുവെന്നും താത്പര്യമില്ലെന്നു പറഞ്ഞപ്പോൾ അതേ വ്യക്തി ഏഴുപേരടങ്ങുന്ന സംഘവുമായി തിരിച്ചെത്തി അവരുടെ ഫോണ് മോഷ്ടിച്ചുവെന്നാരോപിച്ച് തങ്ങളെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും വിദ്യാർഥികൾ പറയുന്നു.
അടുത്തുണ്ടായിരുന്ന രവിരംഗ എന്ന പോലീസ് ഉദ്യോഗസ്ഥനോടു പരാതിപ്പെട്ടുവെങ്കിലും അയാൾ അക്രമിസംഘത്തോടൊപ്പം ചേർന്ന് ആക്രമിക്കുകയും തങ്ങളുടെ ഫോണ് തട്ടിയെടുത്ത് അക്രമസംഘത്തിലെ ഒരാൾക്ക് നൽകുകയും ചെയ്തതായി വിദ്യാർഥികൾ പറയുന്നു.
അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോടി വിദ്യാർഥികൾ പരാതിപ്പെട്ടുവെങ്കിലും രവിരംഗ, സത്യപ്രകാശ് എന്നിവരുൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരിൽനിന്നു മർദനം നേരിട്ടതായി വിദ്യാർഥികൾ പറഞ്ഞു.
പിന്നീട് അടുത്തുള്ള ലാൽ ക്വില പോലീസ് ബൂത്തിലേക്ക് വിദ്യാർഥികളെ കൊണ്ടുപോയി അവിടെവച്ചും പോലീസും അക്രമിസംഘവും മർദിച്ചു. പോലീസുകാർ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയെന്നും സ്വകാര്യഭാഗങ്ങളിൽ ബൂട്ട് ഉപയോഗിച്ചു ചവിട്ടിയെന്നും മർദനം രണ്ട് മണിക്കൂർ നീണ്ടുനിന്നെന്നും വിദ്യാർഥികൾ പറയുന്നു.