പുടിനെ മോദി വിളിച്ചെന്ന് നാറ്റോ സെക്രട്ടറി; നിരാകരിച്ച് ഇന്ത്യ
Saturday, September 27, 2025 3:00 AM IST
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരേ ട്രംപ് ഭരണകൂടം ചുമത്തിയ തീരുവയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ചെന്ന നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം .
യുക്രെയ്ന് യുദ്ധത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കാൻ മോദി റഷ്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടുവെന്നാണ് സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ റുട്ടെ പറഞ്ഞത്. നടക്കാത്ത ആശയവിനിമയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാളിന്റെ പ്രതികരണം.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള യുഎസിന്റെ തീരുവ റഷ്യയെയും പരോക്ഷമായി ബാധിക്കുന്നുന്ന് അഭിമുഖത്തിൽ റുട്ടെ പറഞ്ഞിരുന്നു. യുഎസ് നികുതി റഷ്യയെ ബാധിച്ചിട്ടുണ്ട്. കാരണം നരേന്ദ്ര മോദി പുട്ടിനെ ഫോണില്‍ വിളിക്കുകയും യുക്രെയ്ന് യുദ്ധത്തിലെ തന്ത്രങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഞാന്‍ നിങ്ങളെ പിന്തുണയ്ക്കുന്നു, പക്ഷേ, നിങ്ങളുടെ നീക്കങ്ങള്‍ എന്താണെന്ന് വിശദീകരിക്കണം. കാരണം യുഎസ് ഇപ്പോള്‍ ഞങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയിരിക്കുകയാണ് എന്നാണ് മോദി ഫോണില്‍ പുട്ടിനോടു പറഞ്ഞതെന്നും റൂട്ടെ വിശദീകരിക്കുന്നു.
ഒരു ഘട്ടത്തിലും ഇത്തരം ഒരു സംഭാഷണവും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് സ്ഥിരീകരിച്ചു. നാറ്റോയെപ്പോലെ സുപ്രധാന സംഘടനയുടെ തലപ്പത്തുള്ളയാളുകള്‍ പൊതുപ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും ഉത്തരവാദിത്വവും പുലര്‍ത്തണമെന്നും രൺധീർ ജയ്സ്വാൾ വിശദീകരിച്ചു.