ഡോ. മൻമോഹൻ സിംഗിന് ആദരം: ഗവേഷണകേന്ദ്രവും ലൈബ്രറിയും തുറന്നു
Saturday, September 27, 2025 3:00 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മൻമോഹൻ സിംഗിന്റെ 93-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കോണ്‍ഗ്രസ് ആസ്ഥാനമായ ന്യൂഡൽഹിയിലെ ഇന്ദിരാഭവനിൽ ഡോ. മൻമോഹൻ സിംഗ് ഗവേഷണകേന്ദ്രവും ലൈബ്രറിയും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ ഉദ്ഘാടനം ചെയ്തു.
ഇന്ദിരാ ഭവനിൽ ഇന്നലെ നടന്ന മൻമോഹൻ സിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സോണിയയ്ക്കും രാഹുലിനും പുറമെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള മുതിർന്ന നേതാക്കളും മൻമോഹന്റെ ഭാര്യ ഗുർഷരണ്‍ കൗറും കുടുംബാംഗങ്ങളും പങ്കെടുത്തു.
ഇന്ത്യയുടെയും കോണ്‍ഗ്രസിന്റെയും ചരിത്രം സംഗ്രഹിക്കുന്ന 1,200 പുസ്തകങ്ങൾ മൻമോഹൻ സിംഗ് ലൈബ്രറിയിലുണ്ട്. ചരിത്രത്തിന്റെ ഭാഗമായ അപൂർവ പുസ്തകങ്ങളും ഇവയിലുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
രാജീവ് ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാന അബുൽ കലാം ആസാദ് എന്നിവർക്കും പ്രത്യേക വിഭാഗങ്ങളുണ്ട്. ഇന്ദിരാഗാന്ധി, പി.വി. നരസിംഹ റാവു, മൻമോഹൻ എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങളും ലൈബ്രറിയിലുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഉൾപ്പെടെയുള്ള മറ്റു പാർട്ടികളുടെ നേതാക്കളെക്കുറിച്ചുള്ള പുസ്തകങ്ങളുമുണ്ട്.
ചിദംബരം, ശശി തരൂർ, മണിശങ്കർ അയ്യർ, മനീഷ് തിവാരി, സൽമാൻ ഖുർഷിദ് തുടങ്ങിയവരുടെ പുസ്തകങ്ങളും ലൈബ്രറിയുടെ ഭാഗമാണ്.ഭരണഘടന രൂപപ്പെടുത്തിയ ഭരണഘടനാ അസംബ്ലിയിലെ എല്ലാ അംഗങ്ങളുടെയും അപൂർവ ഫോട്ടോ ലൈബ്രറിയുടെ പ്രവേശനകവാടത്തിൽ ശ്രദ്ധ പിടിച്ചുപറ്റും.
1991ൽ ധനമന്ത്രിയായിരിക്കെ ഉദാരവത്കരണത്തിനു തുടക്കം കുറിച്ച ചരിത്രബജറ്റ് അവതരിപ്പിച്ച മൻമോഹൻ സിംഗ് അദ്ദേഹത്തിന്റെ ഓഫീസിൽ ഇരിക്കുന്ന വലിയൊരു ഫോട്ടോയാണു മറുവശത്ത്. നെഹ്റുവും വി.കെ. കൃഷ്ണമേനോനും ഒരുമിച്ചു നടന്നുപോകുന്നതുമുതൽ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളായ എ.ഒ. ഹ്യൂം, ദാദാഭായ് നവറോജി, വില്യം വെഡ്ഡർബേണ് എന്നിവരുടേതുൾപ്പെടെ നിരവധി ചരിത്രചിത്രങ്ങളുണ്ട്.
1885 മുതലുള്ള കോണ്‍ഗ്രസ് പാർട്ടിയുടെ മുഴുവൻ ചരിത്രവും ഉൾക്കൊള്ളുന്ന വിഭാഗം ശ്രദ്ധേയമാണ്."ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ വിജ്ഞാനകോശം’ എന്ന പുസ്തകത്തിന്റെ നിരവധി വാല്യങ്ങളുണ്ട്. കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗങ്ങളുടെ വ്യാഖ്യാനങ്ങൾ, പ്രസംഗങ്ങൾ, മിനിറ്റ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്രങ്ങൾ, തെരഞ്ഞെടുത്ത കൃതികൾ, പ്രസംഗങ്ങൾ എന്നിവയുമുണ്ട്. നയതന്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ഇന്ത്യയുമായുള്ള അവരുടെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചുള്ള രാജ്യാധിഷ്ഠിത പുസ്തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് രാജ്യത്തിനു നൽകിയ സംഭാവനകളെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഡോ. സിംഗിന്റെ ജീവിതവും പ്രവർത്തനവും ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും സമർപ്പണത്തിന്റെയും ദീപസ്തംഭമാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.