പോസ്റ്റൽ വോട്ടുകൾ എണ്ണിയശേഷമേ ഇവിഎമ്മിലെ വോട്ടെണ്ണൽ പൂർത്തിയാക്കാവൂ: തെര. കമ്മീഷൻ
Saturday, September 27, 2025 2:24 AM IST
ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി പൂർത്തിയാക്കിയശേഷം മാത്രമേ ഇവിഎമ്മുകളിലെ അവസാന റൗണ്ട് വോട്ടുകൾ എണ്ണി പൂർത്തിയാക്കുകയുള്ളൂ. ഇതിനായി 2019ലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ഉത്തരവ് റദ്ദാക്കി.
രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ ആരംഭിക്കുകയും 8.30ന് ഇവിഎമ്മുകളിലെ വോട്ടെണ്ണൽ തുടങ്ങുകയും ചെയ്യുന്ന രീതിയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ചട്ടപ്രകാരം പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണി പൂർത്തിയായശേഷം മാത്രമേ ഇവിഎമ്മുകളിലെ അവസാന റൗണ്ട് വോട്ടുകൾ എണ്ണുകയുള്ളൂ. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇതു പ്രാവർത്തികമാക്കും.
പോസ്റ്റൽ വോട്ടുകൾ കൂടുതലുള്ള സാഹചര്യത്തിൽ കാലതാമസം ഒഴിവാക്കുന്നതിന് ആവശ്യമായ കൗണ്ടിംഗ് സ്റ്റാഫുകളുടെ ലഭ്യത അതത് റിട്ടേണിംഗ് ഓഫീസർ ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കി.
പോസ്റ്റൽ വോട്ടുകളുടെ എണ്ണൽ ഘട്ടം പരിഗണിക്കാതെതന്നെ ഇവിഎമ്മുകളുടെ വോട്ടെണ്ണൽ തുടരാമെന്നായിരുന്നു 2019ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഇതു പൂർത്തിയായാൽ നിർദിഷ്ട നടപടിക്രമമനുസരിച്ച് വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണം ആരംഭിക്കുകയും ചെയ്യാൻ സാധിക്കുമായിരുന്നു.
ഇവിഎം വോട്ടെണ്ണൽ അവസാനിക്കുന്നതിനു മുന്പ് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർക്കണമെന്നതു പ്രതിപക്ഷപാർട്ടികളുടെ വളരെക്കാലമായുള്ള ആവശ്യമാണ്. ഇക്കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ തീരുമാനത്തിലെത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന ആവശ്യം പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ചിരുന്നു. 85 വയസിന് മുകളിൽ പ്രായമായ പൗരന്മാർക്ക് വീടുകളിൽ വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയതോടെ പോസ്റ്റൽ വോട്ടുകളുടെ എണ്ണം സാധാരണയിലും കൂടിയിരുന്നു.