ക്രിമിനൽ കേസുകളിൽ ദൈനംദിന വിചാരണ ഉറപ്പാക്കാൻ നിർദേശം
Saturday, September 27, 2025 3:00 AM IST
ന്യൂഡൽഹി: പ്രധാനപ്പെട്ട ക്രിമിനൽ കേസുകളിൽ ദൈനംദിന വിചാരണ (ഡേ ടുഡേ ട്രയൽ) ഉറപ്പാക്കാൻ ഹൈക്കോടതികളോട് സുപ്രീംകോടതി.
ക്രിമിനൽക്കേസിലെ വിചാരണയിൽ സാക്ഷികളുടെ വിസ്താരം ആരംഭിച്ചുകഴിഞ്ഞാൽ അഭിഭാഷകരുടെ സൗകര്യം കണക്കിലെടുത്ത് ബാക്കിയുള്ള വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കുന്ന രീതി ഒഴിവാക്കണമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ടുമുന്പ് പതിവായിരുന്ന ദിവസേനയുള്ള വിചാരണ ഇല്ലാതായതിലെ നിരാശയും കോടതി പ്രകടിപ്പിച്ചു. കേസിൽ വാദം ആരംഭിച്ചുകഴിഞ്ഞാൽ തടസങ്ങളോ മാറ്റിവയ്ക്കലുകളോ ഇല്ലാതെ അവസാന സാക്ഷിയെ വരെയും വിസ്തരിക്കുന്നത് തുടരുന്ന രീതിയാണു ദൈനംദിന വിചാരണ എന്നതുകൊണ്ട് അർഥമാക്കുന്നത്.