ചീറ്റപ്പുലിക്ക് ഇനി വിശ്രമം!, മിഗ് 21 വിമാനങ്ങൾ വിരമിച്ചു
Saturday, September 27, 2025 3:01 AM IST
സനു സിറിയക്
ന്യൂഡൽഹി: ഇന്ത്യൻ വായുസേനയുടെ കരുത്തുറ്റ പോരാളി മിഗ് 21 ഇനി ചരിത്രം. നിരവധി പോരാട്ടങ്ങളിൽ രാജ്യത്തിനു കരുത്ത് പകർന്ന ഈ യുദ്ധവിമാനം ആറ് പതിറ്റാണ്ടുകൾക്കുശേഷം സേനയോട് വിട പറഞ്ഞു.
ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷനിൽ 1963ലാണ് മിഗ് 21 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്നത്. അതേ സ്ഥലത്തുതന്നെയായിരുന്നു അതിന്റെ അവസാന പറക്കലും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, മുൻ വ്യോമസേനാ മേധാവികളായ എസ്.പി. ത്യാഗി, ബി.എസ്. ധനോവ തുടങ്ങിയവർ മിഗ് 21 വിമാനങ്ങളുടെ അവസാന പറക്കലിനു സാക്ഷ്യം വഹിച്ചു.
ഉച്ചയോടെ സേനയുടെ ഭാഗമായി യുദ്ധവിമാനങ്ങൾ അവസാനമായി പറന്നു. ലാൻഡ് ചെയ്ത മിഗ് 21 വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകി യാത്രയാക്കി. എയർ ചീഫ് മാർഷൽ എ.പി.സിംഗ് അവസാന പറക്കലിൽ ബാദൽ 3 എന്ന സ്ക്വാഡിനെ നയിച്ചു.
ആറു പതിറ്റാണ്ടിന്റെ സേവനം, എണ്ണമറ്റ ധീരതയുടെ കഥകൾ, ഒരു രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ യുദ്ധക്കുതിര എന്നാണു ഡികമ്മീഷനു മുന്പ് വ്യോമസേനാ വിമാനത്തെപ്പറ്റി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനമാണു മിഗ് 21ന് പകരക്കാരനാകുന്നത്.
ആറ് പതിറ്റാണ്ടിന്റെ വീരചരിതം
62 വർഷം രാജ്യത്തെ സേവിച്ച റഷ്യൻ നിർമിത മിഗ് 21 ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ സോണിക് വിമാനവും ഇന്റർസെപ്റ്റർ വിമാനവുമാണ് (യുദ്ധത്തിൽ പങ്കെടുക്കുന്നവ). വ്യോമസേനാ മുൻ മേധാവി ദിൽബാഗ് സിംഗാണ് ആദ്യ സ്ക്വാഡിനു നേതൃത്വം നൽകിയത്. 1963 ഏപ്രിലിലാണ് ആദ്യ മിഗ് വിമാനം ഇന്ത്യയിൽ എത്തുന്നത്. പിന്നീടിങ്ങോട്ട് 1200 ലധികം വിമാനങ്ങൾ വിവിധ പോർമുഖങ്ങളിൽ ഇന്ത്യൻ വായുസേനയുടെ നട്ടെല്ലായി നിലകൊണ്ടു.
2006 വരെ മിഗ് എയർ ഫോഴ്സ് എന്നാണ് ഇന്ത്യൻ വ്യോമസേനയെ തമാശയായി വിളിച്ചിരുന്നത്. മിഗ് 21 , 23, 25, 27, 29 എന്നീ അഞ്ചു വകഭേദങ്ങൾ ഒരേസമയം സേവനയുടെ ഭാഗമായിരുന്നു. ആകാശപ്പോരാട്ടം, പ്രതിരോധം, രഹസ്യാന്വേഷണം, ഫൈറ്റർ പൈലറ്റുമാരുടെ പരിശീലനം തുടങ്ങി വിവിധ മേഖലകളിൽ സേനയുടെ അരുമയായി മിഗ് വിമാനങ്ങൾ പ്രവർത്തിച്ചു.
ബാലാക്കോട്ട് വരെ
പഴയ സോവ്യറ്റ് യൂണിയനിലെ മിക്കോയൻ ഗുരെവിച്ച് ഡിസൈൻ ബ്യൂറോയാണു മിഗ് 21 സൂപ്പർ സോണിക് ഫൈറ്റർ ജെറ്റുകൾ, ഇന്റർസെപ്റ്റർ എന്നീ വിമാനങ്ങൾ രൂപകല്പന ചെയ്തത്. 1965 ലും 71 ലും പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ആകാശ പടക്കുതിരകളായിരുന്നു മിഗ് 21 വിമാനങ്ങൾ. 1999 ലെ കാർഗിൽ പോരാട്ടത്തിലും 2019 ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും ഇവ പ്രധാന പങ്ക് വഹിച്ചു.
എന്നാൽ അവസാന നാളുകളിൽ പറക്കുന്ന ശവപ്പെട്ടി എന്ന വിശേഷണം മിഗ് 21 ന്റെ മാറ്റ് കുറച്ചു. 2023 മേയ് മാസത്തിൽ രാജസ്ഥാനിൽ മൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം ഉൾപ്പെടെ വിമാനത്തിന്റെ കാലപ്പഴക്കം വരുത്തിവച്ച നിരവധി അപകടങ്ങൾ ഘട്ടം ഘട്ടമായി ഇതു നിർത്തലാക്കുന്നതിലേക്ക് സേനയെ നയിച്ചു.
ഇന്ത്യയുടെ സ്ക്വാഡ്രണ് ശക്തി കുറയുന്നു
മിഗ് 21 വിമാനങ്ങൾ വിരമിച്ചതോടെ വ്യോമസേനയുടെ ഫൈറ്റർ സ്ക്വാഡ്രണ് ശക്തി ഇപ്പോൾ 29 ആയി കുറഞ്ഞു. അയൽരാജ്യങ്ങളായ പാക്കിസ്ഥാന് നിലവിൽ 2025 ഫൈറ്റർ സ്ക്വാഡ്രണുകളും ചൈനയ്ക്ക് 60ൽ കൂടുതൽ ഫൈറ്റർ സ്ക്വാഡ്രണുകളും ഉണ്ടെന്നാണു കണക്കുകൂട്ടൽ.
16 മുതൽ 18 ജെറ്റുകൾ വരെയാണ് ഒരു സ്ക്വാഡ്രണിൽ ഉൾപ്പെടുന്നത്. പുതിയ വിമാനങ്ങൾ ഉടൻ ഉൾപ്പെടുത്തിയില്ലെങ്കിൽ പോർമുഖങ്ങളിൽ ഇന്ത്യക്ക് പോരാളികളുടെ ലഭ്യത കുറയും.
മിഗ് 29, ജാഗ്വാർ, മിറേജ് 2000 എന്നിവയുൾപ്പെടെയുള്ള പഴയ ജെറ്റുകൾ പലതും 2035 ഓടെ ഘട്ടംഘട്ടമായി നിർത്തലാക്കും. കാലതാമസം ഇന്ത്യൻ സേനയെ അലട്ടുന്ന ഒരു പ്രശ്നമായി ഇപ്പോഴും തുടരുന്നു.