ഐ ലൗ മുഹമ്മദ് കാന്പയിൻ: ജനക്കൂട്ടവും പോലീസും ഏറ്റുമുട്ടി
Saturday, September 27, 2025 3:01 AM IST
ബറേലി: ഉത്തർപ്രദേശിലെ മുസ്ലിം നേതാവ് മൗലാന തൗക്കീർ റാസയുടെ ഐ ലൗ മുഹമ്മദ് കാന്പയിനുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പ്രകടനം മാറ്റിവച്ചത് പോലീസും ആൾക്കൂട്ടവും തമ്മിൽ സംഘർഷത്തിനു കാരണമായി.
അധികൃതർ അനുമതി നിഷേധിച്ചെന്ന കാരണത്താലാണ് അവസാന നിമിഷം പരിപാടി മാറ്റിവച്ചത്. പ്രദേശത്തെ മസ്ജിദിനു മുന്നിൽ തടിച്ചുകൂടിയ ജനം പോലീസിനു നേർക്ക് കല്ലെറിയാൻ തുടങ്ങിയതാണു ലാത്തിച്ചാർജിലേക്ക് നയിച്ചത്.
"ഐ ലൗ മുഹമ്മദ്' എന്നെഴുതിയ ബോർഡുകൾ പലയിടത്തും സ്ഥാപിച്ചവർക്കെതിരേ ഈ മാസം ഒൻപതിന് കാൺപുർ പോലീസ് കേസെടുത്തിരുന്നു. ഇത് പ്രകോപനപരമാണെന്ന് നിരവധി ഹിന്ദു സംഘടനകൾ അഭിപ്രായപ്പെട്ടു.
എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസി "ഐ ലൗ മുഹമ്മദ്' ട്രെൻഡിനെ പിന്തുണച്ചപ്പോഴാണ് സംഭവം ജനശ്രദ്ധയാകർഷിച്ചത്. പിന്നീട് വിവാദം അതിവേഗം ഉത്തർപ്രദേശിലെ മറ്റ് ജില്ലകളിലേക്കും ഉത്തരാഖണ്ഡ്, കർണാടക സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.