വാഷിംഗ്ടൺ: ഫെന്‍റനൈൽ കടത്തിയതായി ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ് എക്സിക്യൂട്ടീവുമാർക്കും കോർപ്പറേറ്റ് നേതാക്കൾക്കും യുഎസ് എംബസി വീസ നിഷേധിച്ചു.
ലഹരിമരുന്ന് കടത്തിനെതിരെ യുഎസ് സ്വീകരിക്കുന്ന കർശന നിലപാടിന്റെ ഭാഗമായാണ് ഈ നടപടി.

ഫെന്‍റനൈൽ കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കമ്പനികളിലെ ഉദ്യോഗസ്ഥർ ഇനിമുതൽ വീസ നടപടികളിൽ കൂടുതൽ സൂക്ഷ്മപരിശോധന നേരിടേണ്ടിവരുമെന്ന് യുഎസ് എംബസി സ്ഥിരീകരിച്ചു. കൂടാതെ, ഈ വ്യക്തികളുടെ അടുത്ത കുടുംബാംഗങ്ങൾക്കും യുഎസ് യാത്രാവിലക്ക് നേരിടാൻ സാധ്യത.

പ്രതിവർഷം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്ന യുഎസിലെ ഫെന്‍റനൈൽ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള വലിയൊരു ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇത് ശിക്ഷാപരമായ നടപടി മാത്രമല്ല, മറിച്ച് ഒരു സഹകരണപരമായ നീക്കംകൂടിയാണെന്ന് ന്യൂഡൽഹിയിലെ യുഎസ് എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്‍റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.

’യുഎസിലേക്കുള്ള ഫെന്‍റനൈലിന്‍റെയും അതിന്‍റെ നിർമാണ ഘടകങ്ങളുടെയും ഒഴുക്ക് തടയുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്,’ പ്രസ്താവനയിൽ പറയുന്നു.