ഹർബച്ചൻ സിംഗിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുശോചിച്ചു
പി.പി. ചെറിയാൻ
Thursday, September 25, 2025 11:43 AM IST
ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ മുൻ സെക്രട്ടറി ജനറൽ ഹർബച്ചൻ സിംഗിന്റെ വിയോഗത്തിൽ സംഘടന അനുശോചിച്ചു. സംഘടനയുടെ കാഴ്ചപ്പാടുകളും മൂല്യങ്ങളും രൂപപ്പെടുത്തുന്നതിൽ ഹർബച്ചൻ സിംഗ് നിർണായക പങ്കുവഹിച്ചതായി ഐഒസി യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്ക് വലിയ നഷ്ടമാണെന്നും ജോർജ് എബ്രഹാം പറഞ്ഞു. സെക്രട്ടറി ജനറൽ എന്ന നിലയിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഹർബച്ചൻ സിംഗ് പ്രതിജ്ഞാബദ്ധനായിരുന്നു.
അദ്ദേഹത്തിന്റെ സമർപ്പണവും സത്യസന്ധതയും നിസ്വാർഥ സേവനവും സഹപ്രവർത്തകർക്ക് മാതൃകയും ഇന്ത്യൻ പ്രവാസികൾക്ക് പ്രചോദനവുമായിരുന്നുവെന്നും ജോർജ് എബ്രഹാം പറഞ്ഞു. ഔദ്യോഗിക ചുമതലകൾക്ക് അപ്പുറം ഹർബച്ചൻ സിംഗ് അദ്ദേഹത്തിന്റെ ഊഷ്മളത, വിനയം, സമൂഹസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ ശ്രദ്ധേയനായിരുന്നു.
സംഘടന നിലകൊള്ളുന്ന ഐക്യത്തിന്റെയും സമഭാവനയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം എല്ലാവരുമായി നല്ല ബന്ധം സ്ഥാപിച്ചു. ഈ ദുഃഖകരമായ നിമിഷത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഐഒസി യുഎസ്എ അനുശോചനം രേഖപ്പെടുത്തി.