ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ കേസ് തീരുന്നത് വരെ നാട്ടിലേക്ക് തിരിച്ചയക്കില്ല
ഏബ്രഹാം തോമസ്
Thursday, September 25, 2025 10:54 AM IST
ഓസ്റ്റിൻ: ഡാളസിൽ ഇന്ത്യൻ വംശജനായ 50 വയസുകാരൻ ചന്ദ്ര നാഗമല്ലയ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ക്യൂബൻ വംശജനായ യോർദ്ദാനിസ് കോബോസ് - മാർട്ടിനെസിനെ ജന്മ നാടായ ക്യൂബയിലേക്കു ഉടനെ തിരിച്ചയക്കാൻ സാധ്യതയില്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്ലാഗ്ലിൻ പറഞ്ഞു.
ഡാളസ് ഡൗൺടൗൺ സൂട്സ് മോട്ടലിൽ സെപ്റ്റംബർ 10ന് രാവിലെയാണ് 37 കാരനായ പ്രതി കൈക്കോടാലി ഉപയോഗിച്ച് നാഗമല്ലയ്യയെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയെയും മുന്നിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയതായാണ് പ്രോസിക്യൂഷൻ കേസ്.
കൊലപാതകം തടയുവാൻ ഭാര്യയും മകനും ശ്രമിച്ചുവെങ്കിലും കോബോസ് - മാർട്ടിനെസ് കൃത്യം നടത്തി എന്നും റിപ്പോർട്ടിൽ പറയുന്നു. രേഖകളില്ലാതെ യുഎസിൽ കടന്നു കയറിയ പ്രതിക്കെതിരേ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.
രേഖകൾ ഇല്ലാതെ കടന്നു കയറുന്ന ക്രിമിനലുകളാണ് യുഎസിൽ കൊലപാതകം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്ന തന്റെ ആരോപണം ട്രംപ് ആവർത്തിക്കുകയും പ്രതിയെ ഉടനെ തന്നെ നാടുകടത്തുമെന്നും പറഞ്ഞിരുന്നു.
എന്നാൽ കോബോസ് - മാർട്ടിനെസിന്റെ പേരിലുള്ള കുറ്റകൃത്യത്തിന്റെ വിചാരണയും കേസും കഴിയാതെ അയാളെ തിരിച്ചയക്കില്ല എന്ന് മക്ലാഗ്ലിൻ വ്യക്തമാക്കി. നാട് കടത്തണമെന്ന് പ്രതിക്കെതിരേ ഇതിനു മുൻപ് തന്നെ കോടതി വിധി ഉണ്ടായിരുന്നു.
ഇയാൾ ഇപ്പോൾ ഡാളസ് കൗണ്ടി ജയിലിൽ ഇമിഗ്രേഷൻ ഡീറ്റൈയ്നറിൽ കഴിയുന്നു. ജാമ്യം ലഭിക്കണമെങ്കിൽ ഒരു മില്യൺ ഡോളർ കെട്ടിവയ്ക്കണം എന്നാണ് കോടതി വിധി. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസ്) വക്താവ് പറഞ്ഞത് ഇയാളെ ഒരു കാരണവശാലും സ്റ്റേറ്റ് ചുമത്തിയിട്ടുള്ള ക്രിമിനൽ കേസിൽ തീർപ്പാകുന്നതിനു മുൻപ് നാട് കടത്തില്ല എന്നാണ്.
കാരണം ഇയാൾ വധിച്ച നാഗമല്ലയ്യയുടെ കുടുംബത്തിന് നീതി ലഭിക്കേണ്ടതുണ്ട്. ക്രിമിനൽ കേസിലെ വിധി എന്താകും എന്നറിയുന്നത് വരെ അയാൾ യുഎസിൽ തുടരും എന്നാണ് വക്താവിന്റെ ഇമെയിൽ പറയുന്നത്.
ഇമിഗ്രേഷൻ ഡീറ്റൈനേരിനർഥം അയാളെ ഐസിന്റെ അധികാരികൾ ജയിലിൽ പോയി അറസ്റ്റ് ചെയ്തു തിരിച്ചയക്കുവാനുള്ള നടപടികൾ ആരംഭിക്കും എന്നല്ല. കോബോസ് - മാർട്ടിനെസ് ജാമ്യ തുക അടച്ചാലും അയാളെ വീണ്ടും ഒരു 48 മണിക്കൂർ തടഞ്ഞു വയ്ക്കുവാൻ ഐസിനു കഴിയും.
ഐസ് അധികാരികൾക്ക് ഇതിനുള്ളിൽ അയാളെ അറസ്റ്റ് ചെയ്യുവാൻ കഴിയും. എങ്കിലും ഒരു ഗ്രാൻഡ് ജൂറി അയാളെ കുറ്റക്കാരനായി കാണണം. ഈ വിചാരണയും ഗ്രാൻഡ് ജൂറി വിധിയും ഒഴിവാക്കി അയാൾക്ക് കുറ്റം സമ്മതിക്കുവാൻ കഴിയും.
ഡാലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റേർണി ജോൺ ക്രൂസോട്ടിന്റെ വക്താവ് ക്ലെയർ ക്രൗച്ച് തങ്ങളുടെ ഓഫീസിൽ ഇത് വരെ കേസ് ഫയൽ ചെയ്തിട്ടില്ല എന്ന് ഒരു ഈമെയിലിലുടെ വ്യക്തമാക്കി. കേസിന്റെ നടപടികൾ പുരോഗമിക്കുന്നതിനാൽ തങ്ങൾക്കു ഒരു അഭിപ്രായവും പറയാനില്ലെന്നും പറഞ്ഞു.
കഴിഞ്ഞാഴ്ച അവസാനം ട്രംപും മക്ലോഗ്ലിനും മുൻ പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തിയിരുന്നു. കോബോസ് - മാർട്ടിനെസിനെ ബ്ലൂ ബോണറ്റ് ഡീറ്റെൻഷൻ സെന്ററിൽ ഈ വർഷം ആദ്യം തടവിലാക്കിയിരുന്നതാണ്. എന്നാൽ ജാനുവരി 13നു അയാളെ പുറത്തുവിട്ടു. കാരണമായി പറഞ്ഞത് ക്യൂബ അയാളെ സ്വീകരിക്കില്ല എന്നാണെന്ന് മക്ലോഗ്ലിൻ പറഞ്ഞു.
ട്രംപ് ഒരു പടി കൂടി മുന്നോട്ടു പോയി, കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുടിയേറ്റക്കാരോട് മൃദു സമീപനം സ്വീകരിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു എന്ന് ട്രൂത് സോഷ്യലിൽ സെപ്റ്റംബർ 14നു കുറിച്ചു.
കോബോസ് - മാർട്ടിനെസിനു മുൻ ക്രിമിനൽ ചരിത്രം ഉണ്ട്. ഹാരിസ് കൗണ്ടിയിൽ ഒരു കുട്ടിയോട് മോശമായി പെരുമാറിയതിനും ശാരീരികമായി പീഡനം ഏല്പിച്ചതിനും കേസുകൾ ഉണ്ടായിരുന്നു.
ആവശ്യമായ തെളിവുകൾ ഇല്ലാത്തതിനാൽ കുട്ടിയോട് മോശമായി പെരുമാറിയ കേസിൽ നിന്ന് ഇയാൾ ഒഴിവായി. മർദിച്ച കേസിൽ ഒരു വർഷത്തെ പിഴ ജനുവരി 2023 ൽ ഇയാൾക്ക് ലഭിച്ചു. 2017ൽ ഇയാൾ നഗ്നനായി ഒരു സ്ത്രീയെ കടത്തി കൊണ്ട് പോകാൻ ശ്രമിച്ചതിന് പിടിക്കപ്പെട്ടു.
മക്ലോഗ്ലിൻ പറയുന്നത് ഇയാളെ ക്യൂബ സ്വീകരിക്കില്ല എന്ന് പറഞ്ഞപ്പോൾ തുറന്നു വിട്ടില്ലായിരുന്നുവെങ്കിൽ ഇയാൾ നാഗമല്ലയ്യയെ വധിക്കുമായിരുന്നില്ല എന്നാണ്. ഐസ് ഡീറ്റെൻഷനു ശേഷം ഇയാൾ ഓർഡർ ഓഫ് സൂപ്പർവിഷനിലായിരുന്നു. അതിനർഥം ഇയാൾ തുടർന്നും നിരന്തരമായി ചെക്ക് ഇൻ ആവശ്യമായിരുന്ന അവസ്ഥയിലായിരുന്നു.
എന്നാൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ലൗഡ സ്കൂൾ കോഡിറക്ടർ എലിസാ സ്റ്റിഗ്ലിച്ച് പറയുന്നത് ഒരിക്കൽ നാട് കടത്താൻ ശ്രമിച്ചു പരാജയപെട്ടതിനു ശേഷം ഫെഡറൽ ഗവൺമെന്റിന് ഒരു കുടിയേറ്റക്കാരനെ അനിശ്ചിതമായി തടവിൽ പാർപ്പിക്കുവാൻ കഴിയില്ല എന്നാണ്.
നിയമപരമായി ഒരാളെ നാട് കടത്തുവാൻ ഡിഎച്ച്എസിനു കഴിയുന്നില്ല എന്ന് ആറ് മാസത്തിനകം തെളിയിക്കുവാൻ കഴിയുന്നില്ലെങ്കിൽ അയാളെ വെറുതെ വിടുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.