ഫോർട്ട് വർത്തിൽ യുവതിയെ കൊലപ്പെടുത്തി വീടിനടിയിൽ കുഴിച്ചിട്ടു; യുവാവിന് വധശിക്ഷ വിധിച്ചു
പി.പി. ചെറിയാൻ
Friday, September 26, 2025 8:01 AM IST
ഡാളസ്: ഫോർട്ട് വർത്തിൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ടെക്സസിലെ ഫോർട്ട് വർത്തിൽ നിന്നുള്ള 28കാരനായ വലേറിയൻ വിൽ ഒസ്റ്റീന് വധശിക്ഷ വിധിച്ച് ടാരന്റ് കൗണ്ടി ജൂറി. 26കാരിയായ മാരിസ ഗ്രിംസിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു.
ജില്ലാ അറ്റോർണി ഓഫിസിൽ നിന്നുള്ള പ്രസ്താവന പ്രകാരം, ഗ്രിംസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒസ്റ്റീനെ മുൻപ് ഗാർഹിക പീഡന കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം, ഗ്രിംസിൽ നിന്ന് അകന്നുനിൽക്കാനും മോണിറ്റർ ധരിക്കാനും കോടതി ഒസ്റ്റീനോട് ഉത്തരവിട്ടിരുന്നു.
എന്നാൽ ഒസ്റ്റീൻ ഭീഷണികൾ തുടർന്നു. ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ ഗ്രിംസ് വെസ്റ്റ് ടെക്സസിലേക്ക് താമസം മാറ്റാൻ പദ്ധതിയിട്ടിരുന്നു. ഇതിനിടെ, 2022 ഫെബ്രുവരി 12ന് ഒസ്റ്റീനോട് യാത്ര പറയാൻ വേണ്ടിയാണ് അവൾ അയാളുടെ വീട്ടിലേക്ക് പോയതെന്ന് പ്രസ്താവനയിൽ പറയുന്നു.
ഗ്രിംസിനെ അവസാനമായി ജീവനോടെ കണ്ട ദിവസമായിരുന്നു അത്. ഒസ്റ്റീൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് കണ്ടതായി ഒരു അയൽക്കാരൻ മൊഴി നൽകിഗ്രിംസിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതിന് പിന്നാലെ, ഒസ്റ്റീന്റെ വീട്ടിൽ നിന്ന് ഒരു മൈൽ അകലെ യുവതിയുടെ യുഹോൾ ട്രക്ക് കണ്ടെത്തുകയായിരുന്നു.
ഫോർട്ട് വർത്ത് പോലീസ് നടത്തിയ തിരച്ചിലിൽ, ഒസ്റ്റീന്റെ വീടിനടിയിൽ കുഴിച്ചിട്ട നിലയിൽ ഗ്രിംസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്കേറ്റ ആഘാതമാണ് മരണകാരണമെന്ന് ടാരന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസ് സ്ഥിരീകരിച്ചു. ഗ്രിംസിന്റെ എല്ലുകൾ ഒടിഞ്ഞതായും, കണ്ണുകൾക്ക് കറുത്ത പാടുകൾ ഉള്ളതായും, ശരീരത്തിൽ ചതവുകളും ചില ഭാഗങ്ങളിലെ മുടി മുറിച്ചുമാറ്റിയതായും കണ്ടെത്തി.