തീരദേശസുരക്ഷ ശക്തമാക്കുന്നു; 54 കോസ്റ്റൽ വാർഡൻമാര്കൂടി
Saturday, July 19, 2025 2:12 AM IST
കോഴിക്കോട്: സംസ്ഥാനത്തെ തീരദേശമേഖലകളിലെ സുരക്ഷ ശക്തമാക്കുന്നു. തീരദേശ ചുമതല വഹിക്കുന്ന കോസ്റ്റൽ പോലീസിലേക്ക് താത്കാലിക വാർഡൻമാരെക്കൂടി നിയമിച്ചാണ് ആഭ്യന്തരവകുപ്പ് സുരക്ഷ വർധിപ്പിക്കുന്നത്.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽനിന്ന് 200 പേരെ കോസ്റ്റൽ വാർഡൻമാരായി നേരത്തേ നിയമിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് നിലവിൽ 18 കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലായി 145 വാർഡൻമാരാണുള്ളത്.
കോസ്റ്റൽ പോലീസ് പ്രവർത്തനങ്ങൾക്കു വാർഡൻമാരുടെ സേവനം അനിവാര്യമാണെന്നും ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ മുൻ ഡിജിപി ഷേഖ് ദർവേഷ് സാഹിബ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട്ട് പരിഗണിച്ചാണ് 54 വാർഡൻമാരുടെ ഒഴിവുകളിലേക്കു കരാർ നിയമനം നടത്താൻ ആഭ്യന്തരവകുപ്പ് അഡിഷണൽ സെക്രട്ടറി പി.എസ്. ബീന അനുമതി നൽകി ഉത്തരവിറക്കിയത്. കടൽതീരത്തുനിന്ന് കടലിലേക്ക്12 നോട്ടിക്കൽ മൈൽ വരെയുള്ള ദൂരത്ത് പരിശോധനയും നിരീക്ഷണവും നടത്തുന്നതിന് കോസ്റ്റൽ പോലീസിന് സഹായം നൽകുകയെന്നതാണു വാർഡൻമാരുടെ ദൗത്യം.
തീരദേശ പോലീസിന്റെ നിരീക്ഷണത്തിനും രഹസ്യാന്വേഷണ ശേഖരണത്തിനും കോസ്റ്റൽ വാർഡൻമാരുടെ സേവനം ഏറെ സഹായകരമാണ്.