നൂറിന കർമപദ്ധതിയുമായി ബിജെപി
Saturday, July 19, 2025 2:12 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുന്നതിനായി നൂറിന കർമപദ്ധതിയുമായി ബിജെപി. ഇതിന്റെ ഭാഗമായി അടുത്ത മാസം ഒന്നു മുതൽ 10 വരെ വാർഡുകൾ കേന്ദ്രീകരിച്ചു വിപുലമായ യോഗങ്ങൾ ചേരും. തദേശസ്ഥാപനങ്ങളിൽ നടപ്പിലാക്കിയ കേന്ദ്ര പദ്ധതികളെ സംബന്ധിച്ച് ഈ യോഗങ്ങളിൽ വിശദീകരിക്കും.
കൂടാതെ പണം നൽകിയിട്ടും സംസ്ഥാനത്തു മുടങ്ങിക്കിടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെ സംബന്ധിച്ചു ഗൃഹസന്ദർശനത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാനത്തെ ഇരുപതിനായിരം വാർഡുകളിൽ പ്രചരണം നടത്തുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
ഇന്നലെ ചേർന്ന പുതിയ സംസ്ഥാന ഭാരവാഹികളുടെ ആദ്യ യോഗത്തിൽ രാഷ്ട്രീയ പ്രമേയവും അംഗീകരിച്ചു. തദേശസ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പു തന്നെയാണു രാഷ്ട്രീയ പ്രമേയത്തിലെ പ്രധാന ഭാഗം.
ഓഗസ്റ്റ് 15നു വാർഡുകൾ കേന്ദ്രമാക്കി സ്വാഭിമാന ത്രിവർണ റാലികൾ സംഘടിപ്പിക്കും. അന്നു വൈകുന്നേരം വിവിധ കേന്ദ്രങ്ങളിൽ വികസന കേരള പ്രതിജ്ഞയെടുക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.