കടമ്മനിട്ട ഗവ. സ്കൂളിന്റെ പഴയ കെട്ടിടം തകർന്നുവീണു
Saturday, July 19, 2025 2:12 AM IST
പത്തനംതിട്ട: കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടം തകർന്നു വീണു. സംഭവം രാത്രിയിൽ ആയതിനാൽ വൻ അപകടം ഒഴിവായി .
അപകടാവസ്ഥയിൽ ആയതിനാൽ കുറേനാളായി കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നുവെന്ന് പറയുന്നു. സ്കൂൾ വളപ്പിൽതന്നെയുള്ള കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി ഇഴഞ്ഞുനീങ്ങുന്നതിടെയാണ്അപകടം.
സ്കൂളിലെ ആദ്യകാല കെട്ടിടങ്ങളിലൊന്നായ ഇതിന് ഏകദേശം 80 വർഷത്തോളം പഴക്കമുണ്ട്. ഓടിട്ട കെട്ടിടം മേൽക്കൂരയും ഭിത്തിയും രണ്ട് മുറികളും നിശേഷം തകർന്നു.
വ്യാഴാഴ്ച രാത്രിയിലെ കനത്ത മഴസമയത്താണ് കെട്ടിടം തകർന്നത്. പകൽ സമയത്ത് കെട്ടിട പരിസരങ്ങളിൽ കുട്ടികൾ എത്താറുള്ളതാണ്. സമീപത്തെ ഗ്രൗണ്ടിൽ കളിക്കാനെത്തുന്ന കുട്ടികൾ വിശ്രമിക്കാൻ പഴയ കെട്ടിടത്തിൽ കയറിനിൽക്കാറുണ്ട്.
അപകടനിലയിലായ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലത്ത് മിനി സ്റ്റേഡിയം നിർമിക്കാൻ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ഉൾപ്പെടെ നാട്ടുകാർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടേയുള്ളൂവെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. ശ്രീലത പറഞ്ഞു. ടെൻഡർ പ്രകാരം ലേലത്തീയതി 28നാണ്. ഒന്പതുലക്ഷം രൂപയാണ് ലേലത്തുക.
1997ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചതു മുതൽ തകർന്ന കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എട്ട് ബാച്ചുകളും ലാബും ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 2002 ലാണ് പുതിയ കെട്ടിടത്തിലക്ക് മാറിയത്.
മൊത്തം 400 കുട്ടികൾ പഠിക്കുന്നുണ്ട്. മൂന്നു വർഷമായി കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്. ഏതു സമയവും തകർന്നു വീഴാവുന്ന അവസ്ഥയിൽ ആയതിനാൽ ആരും ഇവിടേക്ക് പോകരുതെന്ന് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അധ്യാപകർ പറഞ്ഞു.