ഉമ്മന്‍ ചാണ്ടി രാഷ്ട്രീയഗുരു: രാഹുല്‍
Saturday, July 19, 2025 3:01 AM IST
ജിബിന്‍ കുര്യന്
പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്കും പല തലങ്ങളില്‍ കേരളത്തിലെ എല്ലാവര്ക്കും ഗുരുവാണെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഗുരു അധ്യാപകന് മാത്രമല്ല, വഴികാട്ടിയുമാണ്. പ്രസംഗിച്ചോ നിര്‍ദേശിച്ചോ അല്ല ഉമ്മന്‍ ചാണ്ടി വഴി കാട്ടിയത്, മറിച്ച് മനുഷ്യസ്നേഹിയായ അദ്ദേഹം പ്രവൃത്തിയിലൂടെ എല്ലാവര്ക്കും വഴികാട്ടി.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി മൈതാനിയില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
2004 മുതല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് വിശാലമായ അനുഭവസമ്പത്ത് ഇല്ലെങ്കിലും കൃത്യമായ രാഷ്ട്രീയ നിരീക്ഷണമുണ്ട്. മനുഷ്യവികാരങ്ങളും വിചാരങ്ങളും ആശങ്കകളും മനസിലാക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഒരളവോളം കേരളീയര്‍ക്കായി അദ്ദേഹം സ്വയം ഇല്ലാതാകുകയായിരുന്നു. ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ആരോഗ്യവും രോഗാവസ്ഥയും വകവയ്ക്കാതെ, ഡോക്ടര്‍മാര്‍ വിലക്കിയിട്ടും ഒപ്പം നടക്കാന്‍ വന്നു. പല തവണ വിലക്കിയിട്ടും അദ്ദേഹം സമ്മതിച്ചില്ല. കുറച്ചു ദൂരം നടന്നതിനുശേഷം നിര്‍ബന്ധിച്ച് അദ്ദേഹത്തെ കാറില്‍ കയറ്റുകയായിരുന്നു.
ഉമ്മന്‍ ചാണ്ടി ഒരു വ്യക്തി മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണ്. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരുപാട് ആളുകളെ വളര്‍ത്തിക്കൊണ്ടുവരുക എന്നതാണ് എന്റെ ആഗ്രഹം. ഒരു ന്യായവുമില്ലാത്ത ക്രൂരമായ രാഷ്ട്രീയ ആക്രമണമാണ് അദ്ദേഹം നേരിട്ടത്. പ്രതിയോഗികള്‍ നുണക്കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
അക്കാലത്ത് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചപ്പോഴൊക്കെ ആരോപണം ഉന്നയിച്ച ഒരാളെക്കുറിച്ചും അദ്ദേഹം ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല. ഒരിക്കലും മനസ് ചഞ്ചലപ്പെടാതെ വിനയാന്വിതനായി ജനങ്ങള്‍ ക്കുവേണ്ടി പ്രവർത്തനനിരതനായി.
ശ്രവണ ശേഷി കുറഞ്ഞ കുട്ടികള്‍ക്കുള്ള സ്മൃതി തരംഗം പോലുള്ള പദ്ധതികള്‍ വോട്ട് കിട്ടാവുന്ന പദ്ധതിയല്ല. എന്നാല്‍, കേരളത്തിലെ ഓരോ കുഞ്ഞും മറ്റുള്ളവരെ കേള്‍ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചു. മറ്റുള്ളവരെ മനസിലാക്കാനും കേള്‍ക്കാനും കഴിയുന്ന രാഷ്ട്രീയം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.
ജനങ്ങളുടെ സ്നേഹവും വികാരവും മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആര്‍ക്കും നേതാവാകാന്‍ പറ്റില്ല. രാഷ്ട്രീയത്തില്‍ നില്ക്കാന് പറ്റണമെങ്കില്‍ ജനങ്ങളെ കേള്‍ക്കാന്‍ പറ്റണം. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെപ്പറ്റി ഇത്രയും പറയാന്‍ സാധിച്ചത് വലിയ ആദരവായി കരുതുന്നു. യുവനേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ പാത പിന്തുടരണം. കേരളത്തില്‍ അങ്ങനെയുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഞാന്‍ ഉറ്റുനോക്കുന്നു-രാഹുല്‍ പറഞ്ഞു.