"കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യം'; വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി
Monday, July 21, 2025 1:32 AM IST
കൊച്ചി: കേരളം മതാധിപത്യത്തിലായെന്നും മതപണ്ഡിതര്‍ ഭരണത്തില്‍ ഇടപെടുന്നതു ദോഷം ചെയ്യുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കൊച്ചി യൂണിയന് നല്കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും സാമൂഹ്യനീതിക്കുവേണ്ടി താന്‍ പറയാനുള്ളത് പറയും. സര്‍ക്കാര്‍ എന്തു പരിഷ്കാരം നടപ്പാക്കുമ്പോഴും കാന്തപുരം ഉള്‍പ്പെടെയുള്ള മുസ്ലിം മതപണ്ഡിതര്‍ ചോദ്യം ചെയ്യുന്നു. പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍ അനുഭവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ്. സംഘടിത ന്യൂനപക്ഷ വോട്ടുബാങ്ക് രാഷ്ട്രീയമാണു കേരളത്തില്‍ മുന്നോട്ടു പോകുന്നത്. സാമൂഹ്യനീതിക്കുവേണ്ടി സംസാരിച്ചതിനു തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാനാണു ശ്രമം. സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ പറയുമ്പോള്‍ തന്റെ കോലം കത്തിക്കും. തന്നെ ജീവനോടെ കത്തിച്ചാലും ഇനി പിന്നോട്ടില്ല. 24 മണിക്കൂറും ജാതിക്കുവേണ്ടി നിലകൊള്ളുന്നവരാണു തന്നെ ജാതിക്കോമരമായി വിശേഷിപ്പിക്കുന്നത്.
പിണറായി വിജയനുശേഷം നൂറു വര്‍ഷത്തേക്കെങ്കിലും കേരളത്തില്‍ ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ല. ഒരു പാര്‍ട്ടിയും ഇനി ഈഴവനെ മുഖ്യമന്ത്രിയാക്കില്ല. ഈഴവരായതിന്റെ പേരില്‍ ആക്ഷേപിക്കപ്പെട്ടവരാണ് ആര്. ശങ്കറും സി. കേശവനും വി.എസ്. അച്യുതാനന്ദനും കെ.ആര്. ഗൗരിയമ്മയും. ഈഴവനെ വളര്‍ത്തിയ ചരിത്രം ഒരു രാഷ്ട്രീയ കക്ഷിയിലുമില്ല. കോണ്‍ഗ്രസില്‍ അഞ്ചെട്ടു പേരാണ് ഇപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പള്ളുരുത്തി എസ്എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം കൊച്ചി യൂണിയന് പ്രസിഡന്റ് എ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ കെ.ജെ. മാക്സി, കെ. ബാബു, മേയര്‍ എം. അനില്‍കുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘മുസ്ലിം ലീഗിന്റെ നോട്ടം മുഖ്യമന്ത്രിസ്ഥാനം’
ആലുവ: മലബാറിലെ സീറ്റുകൾക്കു പുറമെ തിരുക്കൊച്ചിയിലും കൂടുതൽ സീറ്റുകൾ നേടി മുഖ്യമന്ത്രി സ്ഥാനമാണു മുസ്ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലുവ അദ്വൈതാശ്രമത്തിൽ ആലുവ യൂണിയനിലെ ശാഖകളുടെ നേതൃസംഗമത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങൾ അവരുടെ മുന്നിലെത്തി അംഗീകരിക്കേണ്ട അവസ്ഥയാണ് ഇടതു സർക്കാരിന്. ജാതിവിവേചനം ഇപ്പോൾ അത്യുന്നതങ്ങളിലെത്തി. എസ്എൻഡിപി യോഗം രൂപീകരിച്ചത് പഞ്ചാംഗം വായിക്കാനല്ല. പകരം അവകാശങ്ങൾക്കായി പോരാടാനാണ്. മുസ്ലിം, ക്രിസ്ത്യൻ, നായർ സംഘടനകളുടെയെല്ലാം ശക്തി കണ്ടു പഠിക്കണം.
ഒരു നായരെ മറ്റൊരു നായർ തള്ളിപ്പറയില്ല. അവിടെയും അഭിപ്രായവ്യത്യാസങ്ങളുണ്ട്. പല കരയോഗങ്ങളും പിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. പക്ഷേ സുകുമാരൻനായർക്കെതിരേ അഭിപ്രായമുള്ളവർ അത് അടുക്കളയിലേ പറയൂ. ഒന്നായ സമുദായങ്ങളെല്ലാം നന്നായപ്പോൾ ഒന്നാകാത്ത ഈഴവർ നന്നായില്ല.
മുന്നണികൾ മാറിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കും. രാജ്യത്തെ സമ്പത്താണ് അവർ പങ്കിടുന്നത്. സ്വന്തം സമുദായത്തിനു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു. ഈഴവനുവേണ്ടി ശബ്ദിക്കാൻ അധികാരകേന്ദ്രങ്ങളിൽ ആളില്ലാതായി. അവർക്കെല്ലാം ഈഴവരുടെ വോട്ട് മാത്രം മതിയെന്ന അവസ്ഥയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.