പരിവാഹന്‍ സൈബര്‍ തട്ടിപ്പ്: സംഘത്തെ വാരാണാസിയില്നിന്നു പിടികൂടി
Monday, July 21, 2025 1:32 AM IST
തിരുവനന്തപുരം: രാജ്യവ്യാപകമായി പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ സൈബര്‍ പോലീസ് വാരാണാസിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
വാഹനത്തിന് ഫൈന്‍ അടയ്ക്കാന്‍ എന്ന പേരില്‍ വ്യാജ എപികെ ഫയലുകള്‍ വാട്സ് ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ടെലിഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ചത്.
മനീഷ് യാദവിന്റെ ബന്ധുവായ 16 കാരനാണ് വ്യാജ ആപ്ലിക്കേഷന്‍ തയാറാക്കിയതിന്റെ ബുദ്ധി കേന്ദ്രം. വ്യാജ പരിവാഹന്‍ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എന്‍സിആര്‍പി പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ പരാതിയിൽ കേരളം, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 2700ല്‍പരം വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതിയുടെ ഫോണില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.