അമ്മയും കുഞ്ഞും പുഴയിൽ ചാടി മരിച്ചു
Monday, July 21, 2025 1:32 AM IST
പഴയങ്ങാടി (കണ്ണൂര്): വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽനിന്ന് അമ്മ കുഞ്ഞിനെയുമെടുത്ത് പുഴയിൽ ചാടി. അമ്മയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ പുലർച്ചെ ഒന്നോടോയാണു സംഭവം. വെങ്ങര വയലപ്ര യുവജന വായനശാലയ്ക്കു സമീപം ആർ.എം. നിവാസിൽ എം.വി. റീമ (32), മകൻ കൃഷിവ്രാജ് (മൂന്ന്) എന്നിവരാണ് പുഴയിലേക്ക് ചാടിയത്. കുട്ടിക്കായി രാത്രി വൈകിയും പുഴയിൽ തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല.
ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയ റീമയുടെ മൃതദേഹം പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെയും സ്കൂബ ടീമിന്റേയും നേതൃത്വത്തിൽ ചെമ്പല്ലിക്കുണ്ട് റെയിൽവേ പാലത്തിന് സമീപത്തുനിന്ന് ഇന്നലെ രാവിലെ എട്ടരയോടെയാണ് കണ്ടെത്തിയത്.
പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ട ത്തിനു ശേഷം പയ്യുന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി സ്വന്തം വീട്ടിൽനിന്നാണ് ഇന്നലെ പുലർച്ചെ സ്കൂട്ടറിൽ കുട്ടിയുമായി വന്നു കുട്ടിയെ മാറത്ത് കെട്ടി പുഴയിലേക്കു ചാടിയത്. പിണങ്ങിക്കഴിയുന്ന യുവതിയോട് ഇരിണാവ് സ്വദേശിയായ ഭർത്താവ് കമൽരാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ഇന്നു ചർച്ച നടത്താനിരിക്കേയാണു യുവതി കുട്ടിയുമായി പുഴയിലേക്കു ചാടിയത്.
കണ്ണപുരം പോലീസ് സ്റ്റേഷനിൽ യുവതി മുമ്പ് ഭർത്താവിനെതിരേ പീഡനത്തിന് പരാതിപ്പെട്ടിരുന്നു. കൂടാതെ റീമയുടെ ഫോണിൽ ഞങ്ങളുടെ മരണത്തിനു ഉത്തരവാദി ഭർത്താവും ഭർത്താവിന്റെ മാതാവുമാണെന്ന സന്ദേശം ഇംഗ്ലീഷിൽ എഴുതിവച്ചിട്ടുണ്ടെന്നും പറയുന്നു.
വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതോടെയാണ് വീണ്ടും പ്രശ്നമുണ്ടായതെന്ന് റീമയുടെ വീട്ടുകാർ പറയുന്നു. അർധരാത്രിയിൽ റീമ വീട്ടിൽനിന്ന് ഇറങ്ങിപ്പോയത് വീട്ടുകാർ അറിഞ്ഞില്ലായിരുന്നു.
സംഭവസ്ഥലത്ത് പഴയങ്ങാടി, പരിയാരം, പയ്യന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. യുവതിയുടെ വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പും പോലിസ് കണ്ടെത്തിയിട്ടുണ്ട്.
പാലത്തിന് താഴെ ചൂണ്ടയിടാൻ നിന്നിരുന്ന ആളാണ് അമ്മയും കുഞ്ഞും പുഴയിലേക്കു ചാടുന്നത് ആദ്യം കണ്ടത്. ഇയാളാണ് പോലീസിനെ വിവരം അറിയിച്ചത്. വെങ്ങര നടക്കുതാഴെ മോഹനൻ-രമ ദമ്പതികളുടെ മകളാണു റീമ. സഹോദരി: രമ്യ.