വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ചു പഠിക്കാൻ ബാലാവകാശ കമ്മീഷൻ
Monday, July 21, 2025 1:32 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് വിശദ പഠനത്തിനൊരുങ്ങുന്നു.
കുടുംബത്തിലെ വിയോജിപ്പ്, മാതാപിതാക്കളിലെ തൊഴില്‍സമ്മര്‍ദം, സാങ്കേതിക വികാസം, സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം, അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിലെ മാറ്റങ്ങള്‍ എന്നിവ കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഉദ്യമം. ഇതിനായി ഒരു ജില്ലയില്‍നിന്നു പത്തുവീതം സ്കൂള്‍ കൗണ്‍സലര്‍മാരെ തെരഞ്ഞെടുത്ത് സംസ്ഥാനതലത്തില്‍ 140 പേര്‍ക്കു ദ്വിദിന പരിശീലനം നല്‍കിക്കഴിഞ്ഞു. ഇവരായിരിക്കും വിവരശേഖരണം നടത്തുക.
13 മുതല്‍ 15 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍, അവരുടെ മാതാപിതാക്കള്‍, അധ്യാപകര്‍, പ്രഥമാധ്യാപകര്‍ എന്നിവരെയാണു പഠനത്തിന്റെ ഭാഗമാക്കുന്നത്. 14 ജില്ലകളിലെ റൂറല്‍, അര്‍ബന്‍, തീരദേശം, ട്രൈബല്‍ എന്നിങ്ങനെ പത്തു സ്കൂളുകളില്‍നിന്നു വിവരശേഖരണം നടത്തും. ഇങ്ങനെ 14 ജില്ലകളില്‍നിന്നു 100 വിദ്യാര്‍ഥികളെ വീതം ഉള്‍പ്പെടുത്തി 1,400 വിദ്യാര്‍ഥികളുടെ സര്‍വേ, 1,400 മാതാപിതാക്കളുടെ അഭിമുഖം, ഓരോ ജില്ലകളില്‍നിന്നും 20 അധ്യാപകരെ വീതം ഉള്‍പ്പെടുത്തി 280 അധ്യാപകരുടെ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച, 70 പ്രഥമാധ്യാപകരുടെ അഭിമുഖം എന്നിങ്ങനെ 3,150 പേരുടെ സാമ്പിളാണു പഠനത്തിനായി ശേഖരിക്കുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വിവരശേഖരണം പൂര്‍ത്തിയാക്കണം.
നിലവില്‍ തയാറാക്കിയിട്ടുള്ള ചോദ്യാവലി പ്രകാരം എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളെ നേരില്‍ക്കണ്ടു സംസാരിച്ച് സ്കൂള്‍ കൗണ്‍സലര്‍മാര്‍ അഭിപ്രായം ഫോമില്‍ രേഖപ്പെടുത്തണം. രക്ഷിതാക്കളോടു ഫോണില്‍ സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കാം.
ചോദ്യാവലിയിൽ കുട്ടികള്‍ക്ക് 50 ചോദ്യങ്ങളും മാതാപിതാക്കള്‍ക്ക് 45 ചോദ്യങ്ങളുമാണ് തയാറാക്കിയിരിക്കുന്നതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാൻ കെ.വി. മനോജ്കുമാര്‍ പറഞ്ഞു.
ഫോക്കസ് ചര്‍ച്ചാവിഷയങ്ങള്‍
കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍, കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങളില്‍ മാതാപിതാക്കളുടെ പങ്ക്, കുട്ടികളുടെ വ്യക്തിത്വ വികസനം, ബാലാവകാശ നിയമങ്ങളിലുള്ള അവബോധം, ആശയവിനിമയം, അധ്യാപകരുടെ വെല്ലുവിളികള്‍, കുട്ടികളിലെ ലഹരി ഉപയോഗം, അധ്യാപക- വിദ്യാര്‍ഥി ബന്ധം, അധ്യാപകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍.