തീവ്രമഴ അഞ്ചു ദിവസംകൂടി; ഒന്പത് ജില്ലകളിൽ യെല്ലോ അലെർട്ട്
Monday, July 21, 2025 1:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ അടുത്ത അഞ്ചു ദിവസം കൂടി തുടരും. ഇന്നും നാളെയും ഒൻപത് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത പ്രദേശങ്ങളിലേക്കു മാറിത്താമസിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.