എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവ്
Tuesday, July 22, 2025 3:47 AM IST
കാസര്‍ഗോഡ്: പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും എന്‍ഡോസള്‍ഫാന്‍ ഇരകളെ ചേര്‍ത്തുപിടിച്ച നേതാവായിരുന്നു വി.എസ്.അച്യുതാനന്ദന്. 2001ല്‍ പ്രതിപക്ഷനേതാവായിരിക്കേ കാസര്ഗോട്ടുനിന്നുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
കീടനാശിനിയുടെ ഉപയോഗം മൂലം കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളുടെ ഇരകളായ ജനതയുടെ ദുരിതജീവിതം ഇവര്‍ വിഎസിനു വിവരിച്ചുകൊടുത്തു. ഇതേത്തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖല സന്ദര്‍ശിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. ഇതോടെയാണു കശുമാവിന്‍തോട്ടങ്ങളില്‍ പെയ്ത വിഷമഴയുടെ രൂക്ഷത ലോകശ്രദ്ധ നേടുന്നത്.
ദുരിതബാധിരുടെ ചിത്രങ്ങള്‍ സഹിതം തുടരെത്തുടരെ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ച വി.എസ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ശക്തമായ നിലപാടെടുത്തു. ഈ ആവശ്യമുന്നയിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിന്തരം കത്തുകള്‍ അയച്ചു.
2006ല്‍ മുഖ്യമന്ത്രിയായ ശേഷം എന്‍ഡോസള്‍ഫാന്‍ പുനരധിവാസപദ്ധതിക്കായി അരക്കോടി രൂപ അനുവദിക്കുകയും മരിച്ച 178 പേര്‍ക്ക് അരലക്ഷം വീതം നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു.
രോഗബാധിതര്‍ക്കും പരിചാരകര്‍ക്കും പ്രതിമാസം 250 രൂപ അലവന്‍സ് നല്കാന് തീരുമാനിച്ചു. ഇതു പിന്നീട് രോഗികള്‍ക്ക് 700ഉം പരിചാരകര്‍ക്ക് 300ഉം ആയി വര്‍ധിപ്പിച്ചു. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ദുരിതബാധിതര്‍ക്ക് രണ്ടുരൂപ നിരക്കില്‍ അരി നില്കാനും തീരുമാനിച്ചു.
2011 ഏപ്രിലില്‍ സ്റ്റോക്ക്ഹോം കണ്വന്ഷന് നടക്കുന്ന വേളയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് സമീപം വിഎസിന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസസമരം സ്റ്റോക്ക്ഹോമില്‍ വരെ ചര്‍ച്ചയായിരുന്നു.