സ്വകാര്യബസ് സമരം പിൻവലിച്ചു
Tuesday, July 22, 2025 3:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവു സംബന്ധിച്ച് 29ന് വിദ്യാര്‍ഥി സംഘടനാനേതാക്കളും ബസുടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.
പബ്ലിക് ക്ലിയറൻ സർട്ടിഫിക്കറ്റ് (പിസിസി) ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു നിയമപരമായി തടസമില്ലെങ്കില്‍ സ്റ്റാറ്റസ്കോ തുടരാനും തീരുമാനമായി.
വിദ്യാര്‍ഥികളുടെ കണ്സഷന് കാര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി നിജപ്പെടുത്തുന്ന തരത്തില്‍ ആപ് സംവിധാനം 45 ദിവസത്തിനുള്ളില്‍ നിലവില്‍വരുന്ന തരത്തില്‍ തീരുമാനമുണ്ടാക്കാനും ധാരണയായി.