ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കിക്കൊന്നു; സുഹൃത്ത് അറസ്റ്റിൽ
Tuesday, July 22, 2025 3:48 AM IST
ആലുവ: ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ നെടുന്പന കൈതക്കുഴി ശാന്തിപുരം ചരുവിള പുത്തൻവീട്ടിൽ സുരേഷിന്റെ മകൾ അഖില (35) യാണു കൊല്ലപ്പെട്ടത്.
സംഭവത്തിൽ സുഹൃത്ത് നേര്യമംഗലം ആറ്റുപുറം വീട്ടിൽ ബിനു (37) വിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പന്പ് ജംഗ്ഷനു സമീപമുള്ള റെയിൽവേ റോഡിലെ തോട്ടുങ്കൽ ലോഡ്ജിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
കൊലയ്ക്കുശേഷം സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്തു മൃതദേഹം കാണിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സുഹൃത്തുക്കളാണു പോലീസിനെ അറിയിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇവർ മുറിയെടുത്തത്. ആദ്യം ബിനു വന്നാണ് മുറിയെടുത്ത്. അഖില പിന്നീടാണ് എത്തിയത്.
ഇതിനുമുന്പ് പലതവണ ഇരുവരും ഈ ലോഡ്ജിൽ വന്നിട്ടുണ്ട്. വിവാഹിതരാകാൻ അഖില ആവശ്യപ്പെടുകയും ഇതു തർക്കത്തിൽ കലാശിച്ചെന്നുമാണ് പോലീസ് പറയുന്നത്. വിവാഹമോചിതയായ അഖില നേരത്തെ ആലുവയിൽ ജോലി ചെയ്തിട്ടുണ്ട്. വത്സലയാണ് അമ്മ. സഹോദരൻ: സുധീഷ്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ്ഐമാരായ നന്ദകുമാർ, ബി.എം. ചിത്തുജി, എൽദോസ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.