ആശ്വാസത്തിന്റെ കരസ്പര്‍ശം: കെ.കെ. രമ
Tuesday, July 22, 2025 3:48 AM IST
കോഴിക്കോട്: “പ്രാണനില്‍ പടര്‍ന്ന ഇരുട്ടിൽ, നിസഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവ്... അന്ത്യാഭിവാദ്യങ്ങൾ”- വിഎസിന്റെ വിയോഗവാര്‍ത്ത അറിഞ്ഞയുടന്‍ വടകര എംഎല്‍എയും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ ഫേസ്ബുക്കില്‍ പങ്കുവച്ച ഈ പോസ്റ്റ് കേരളക്കരയെ ഓര്‍മകളുടെ കടലിരമ്പത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ്.
ടി.പി. ചന്ദ്രശേഖരന്റെ വേര്‍പാടില്‍ നെഞ്ചു കലങ്ങുന്ന വേദനയോടെ ശൂന്യതയിലായ കെ.കെ. രമയെ തേടിയെത്തി ആശ്വസിപ്പിക്കാന്‍ സിപിഎമ്മില്‍നിന്ന് ആ കരങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ, സഖാവ് വിഎസിന്റെ.
‘കുലംകുത്തി’ അടക്കമുള്ള ആരോപണങ്ങളൊന്നും അന്ന് വി.എസിനെ തളര്‍ത്തിയില്ല. ഭര്‍ത്താവിന്റെ വിയോഗത്തെത്തുടര്‍ന്ന് രാഷ്ട്രീയമായും കൂരമ്പുകളെയ്ത് ഒറ്റപ്പെടുത്തി കെ.കെ. രമയെ വേട്ടയാടാനുള്ള ശ്രമം നടന്നപ്പോള്‍ ആശ്വാസത്തിന്റെ തിരിനാളം പകര്‍ന്നത് വി.എസായിരുന്നു. വി.എസിന്റെ സന്ദര്‍ശനം തനിക്ക് എത്രമാത്രം ഊര്‍ജവും പുതുജീവനും പകര്‍ന്നുവെന്നാണ് അദേഹത്തിന്റെ വിയോഗവേളയില്‍ കെ.കെ. രമ അനുസ്മരിക്കുന്നത്.