തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കൽ സെപ്റ്റംബറിൽ
Tuesday, July 22, 2025 3:47 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നത് സെപ്റ്റംബറിൽ. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30നു പ്രസിദ്ധീകരിച്ചതിനു ശേഷമാകും സംവരണ വാർഡുകൾ നിശ്ചയിക്കുന്ന നടപടികളിലേക്കു കടക്കുന്നതെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം 50 ശതമാനമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും സംസ്ഥാനത്തിത് 54 ശതമാനം വരും. കൂടാതെ പട്ടിക ജാതി-വർഗ, ഇരു വിഭാഗങ്ങളിലേയും സ്ത്രീ സംവരണം അടക്കം അഞ്ചു കാറ്റഗറിയിലാണ് സംവരണം. മൂന്നു തവണയിൽ കൂടുതൽ ഒരു വാർഡ് സംവരണമാകാൻ പാടില്ലെന്നും നിയമത്തിൽ പറയുന്നുണ്ട്.
നഗരസഭകളിൽ സർക്കാരും പഞ്ചായത്തുകൾക്ക് തദ്ദേശ വകുപ്പ് റൂറൽ ഡയറക്ടറുമാണ് എണ്ണം നിശ്ചയിച്ചിട്ടുള്ളത്. ഓരോ സ്ഥാപനത്തിലേയും സംവരണ വാർഡുകളുടെ എണ്ണമനുസരിച്ച് അവ ഏതൊക്കെ വാർഡുകളിലാണെന്ന് കമ്മീഷൻ നിശ്ചയിക്കും. ആവർത്തനം അനുസരിച്ച് നറുക്കെടുപ്പിലൂടെ സംവരണ വാർഡുകൾ നിശ്ചയിക്കും.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ കളക്ടറെയും നഗരസഭകളിൽ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെയും കോർപറേഷനിൽ അർബൻ ഡയറക്ടറെയുമാണ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. വാർഡ് സംവരണം പൂർത്തിയാകുന്ന മുറയ്ക്ക് അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം ആവർത്തന ക്രമമനുസരിച്ചു കമ്മീഷൻ നിശ്ചയിക്കും.
സംവരണം കഴിഞ്ഞുള്ള സീറ്റുകളാണ് ജനറൽ സീറ്റായി പരിഗണിക്കുക. സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 23,612 സീറ്റുകളാണുള്ളത്.
ഡിസംബർ 20നാണ് നിലവിലെ ഭരണ സമിതിയുടെ കാലാവധി കഴിയുക. 21നു പുതിയ ഭരണസമിതി ചുമതലയേൽക്കണം. പ്രധാനപ്പെട്ട ആഘോഷങ്ങൾ, പരീക്ഷകൾ മറ്റു പരിപാടികൾ തുടങ്ങിയവയെയൊക്കെ ഒഴിവാക്കിയാകും തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുക.
കഴിഞ്ഞ തവണ കോവിഡ് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്നു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പു നടത്തിയത്. ഇത്തവണ തെരഞ്ഞെടുപ്പ് എത്ര ഘട്ടം വേണമെന്ന കാര്യം സംസ്ഥാനത്തെ ക്രമസമാധാന നില അടക്കം ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനിക്കുകയെന്നും മാധ്യമ ശിൽപശാലയിൽ സംസാരിക്കവേ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു.