വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ സമയപരിധി നീട്ടുന്നതു പരിഗണിക്കും
Tuesday, July 22, 2025 3:47 AM IST
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനുമായി കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം 15 ദിവസമാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും നീട്ടുന്ന കാര്യം പിന്നീട് പരിശോധിച്ചു തീരുമാനിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ പറഞ്ഞു.
വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ 15 ദിവസത്തിനകം പരാതികളും ആക്ഷേപങ്ങളും നൽകാമെന്നാണ് നിയമത്തിൽ പറയുന്നത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് ഏഴു വരെയാണ് സമയപരിധി.
സമയപരിധിക്കകം ഇതു സാധ്യമായില്ലെങ്കിൽ ചില പ്രത്യേക ഘട്ടത്തിൽ സമയപരിധി നീട്ടിനൽകാൻ കമ്മീഷനു പ്രത്യേക അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ചു മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂ. ഇക്കാര്യം രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അറിയിച്ചിരുന്നതായും കമ്മീഷണർ പറഞ്ഞു.
സമയപരിധി 30 ദിവസമായി ദീർഘിപ്പിക്കണമെന്നു നേരത്തേ കമ്മീഷനുമായി ചർച്ച നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു.