തദ്ദേശ സ്ഥാപന പ്രസിഡന്റ് പദവി വഹിച്ചാലും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹർ; എയ്ഡഡ് കോളജ് അധ്യാപകര്‍ക്ക് അനുകൂലമായി വിധി
Tuesday, July 22, 2025 3:48 AM IST
കൊച്ചി: എയ്ഡഡ് കോളജ് അധ്യാപകര്‍ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റ് പദവി വഹിച്ചാല്‍ ശമ്പളമില്ലാത്ത പ്രത്യേക അവധിക്കും ഇന്ക്രിമെന്റടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി.
2016-17ല്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളജ് അധ്യാപകന് ഡോ. സജി ചാക്കോ അടക്കമുള്ള അധ്യാപകര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ പ്രത്യേക അവധിയും ഇന്ക്രിമെന്റടക്കമുള്ള ആനുകൂല്യങ്ങളും നാലുമാസത്തിനകം അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പ്രത്യേക അവധി തേടി നല്കിയ ഹര്‍ജി കോളീജിയറ്റ് ഡയറക്ടറും പിന്നീട് സര്‍ക്കാരും നിരസിച്ചിരുന്നു. എയ്ഡഡ് ‘സ്കൂള്‍’അധ്യാപകരായ തദ്ദേശസ്ഥാപന തലവന്മാര്ക്കു മാത്രമാണ് പ്രത്യേക അവധിക്ക് അനുമതിയുള്ളതെന്ന വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് 2015 ജനുവരി 21നും ജൂലൈ മൂന്നിനും നല്കിയ അപേക്ഷകള്‍ നിരസിച്ചത്. എന്നാല്‍, എംജി സര്‍വകലാശാലാ ചട്ട പ്രകാരം തങ്ങള്‍ക്കും ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
സര്‍വകലാശാല ചട്ടപ്രകാരം പ്രിന്‍സിപ്പലാണു കാഷ്വല്‍ ലീവും മറ്റും അനുവദിക്കുന്നത്. മറ്റ് അവധികള്‍ പ്രിന്‍സിപ്പലിന്റെ ശിപാര്‍ശയില്‍ വിദ്യാഭ്യാസ ഏജന്‍സിയാണു നല്‍കേണ്ടത്.
നാലു മാസത്തില്‍ കൂടിയ അവധിയുടെ കാര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. പ്രൈവറ്റ് കോളജ് അധ്യാപകര്‍ക്കു കേരള സര്‍വീസ് ചട്ടങ്ങള്‍ ബാധകമാണെന്നും കോളജ് അധ്യാപകര്‍ക്കു പ്രത്യേക അവധിക്ക് വകുപ്പില്ലെന്നുമായിരുന്നു ഗവ. പ്ലീഡറുടെ വാദം.
എന്നാല്‍, 1988 ലെ ഉത്തരവു പ്രകാരം സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്കു ലഭിച്ച ഈ ആനുകൂല്യങ്ങള്‍ 2008ലെ ഉത്തരവിലൂടെ എയ്ഡഡ് കോളജിലെ അനധ്യാപക ജീവനക്കാര്‍ക്കും ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി.