മകനെതിരേ ആരോപണം; ആരെക്കൊണ്ടും അന്വേഷിപ്പിക്കാൻ വെല്ലുവിളിച്ച് വിഎസ്
Tuesday, July 22, 2025 3:47 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി പദവി ഒഴിഞ്ഞു നിയമസഭയിലെ പ്രതിപക്ഷ ബെഞ്ചിലേക്കു മാറിയ സമയം. 2011ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം.
പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്കുമാറിന്റെ ഐഎച്ച്ആർഡി അഡീഷണൽ ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ടു അന്നത്തെ യുവ എംഎൽഎ പി.സി. വിഷ്ണുനാഥ് കടുത്ത ആരോപണം ഉന്നയിച്ചു.
പ്രതിപക്ഷ നേതാവിന്റെ മകനെതിരേ ഉയർന്ന ആരോപണത്തിൽ നിയമസഭ ഇളകിമറിഞ്ഞു. നിയമസഭാ സമിതി അന്വേഷിക്കണമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം. ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ വാക്പോരിന് ഒടുവിൽ വിഎസ് അച്യുതാനന്ദൻ തന്നെ പ്രസംഗിക്കാനായി എഴുന്നേറ്റു. പൊടുന്നനെ സഭ നിശബ്ദമായി.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രസംഗം തുടങ്ങി. നിങ്ങൾ എന്റെ രക്തത്തിനു വേണ്ടിയാണ് മകനെതിരേ ആരോപണം ഉന്നയിച്ചതെന്നറിയാം. നിങ്ങൾക്ക് ഇക്കാര്യത്തിൽ ഏതു നിയമസഭാ സമിതിയെക്കൊണ്ടും ഇക്കാര്യം അന്വേഷിപ്പിക്കാം.
തന്റെ കുടുംബാംഗത്തിന് എതിരേ ഉയർന്ന ആരോപണത്തിലും പതറാതെ അന്വേഷണം പ്രഖ്യാപിച്ചോളാൻ ധൈര്യത്തോടെ വിളിച്ചുപറയാനുള്ള ചങ്കൂറ്റം- അതായിരുന്നു വിഎസ്.
ഇതിനു പിന്നാലെയാണ് വി.ഡി. സതീശൻ അധ്യക്ഷനായ നിയസഭാ സമിതിയെ പ്രഖ്യാപിച്ചതും. അന്വേഷണം നടത്തിയതും.
വി.എസിന്റെ കാർക്കശ്യ സ്വഭാവത്തെ തുടർന്നു നിയമസഭാ കാര്യോപദേശക സമിതി യോഗങ്ങളിൽ പോലും പല തീരുമാനങ്ങളും മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ട്. വിഎസ് പ്രതിപക്ഷ നേതാവായിരിക്കേ യുഡിഎഫ് സർക്കാർ നിയമസഭയിൽ ആദ്യമായി ഒരു ദിവസം നാലു ബില്ലുകൾ ചർച്ചയ്ക്കു കൊണ്ടുവരാൻ തീരുമാനിച്ചു. കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനത്തെ വിഎസ്. ശക്തമായി എതിർത്തു.
ഒരുദിവസം ഒരു ബിൽ മതിയെന്നായിരുന്നു വിഎസിന്റെ നിലപാട്. സിപിഐ നിയമസഭാ കക്ഷിയുടെ അന്നത്തെ നേതാവായ സി. ദിവാകരനും എതിർപ്പുമായി വിഎസിനൊപ്പം ചേർന്നു. അവസാനം ഭരണകക്ഷി നേതാക്കൾ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി. കോടിയേരിയുടെ അനുരഞ്ജനത്തിനൊടുവിൽ മൂന്നു ബിൽ എന്ന നിലയിലേക്കു ചുരുക്കിയ ശേഷമാണ് വിഎസ് വഴങ്ങിയത്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ വിഎസിന് പ്രസംഗിക്കാൻ സ്പീക്കറായിരുന്ന ജി. കാർത്തികേയൻ ഏറെ അവസരം നൽകിയിരുന്ന കാര്യം അന്നത്തെ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഓർക്കുന്നു.
ഒരിക്കൽ മാത്രമാണ് വി.എസിന്റെ പ്രസംഗം നിയമസഭാ രേഖകളിൽനിന്നു നീക്കിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗത്തിന് എതിരേ ഉന്നയിച്ച വ്യക്തിപരമായ ആരോപണമായിരുന്നു അത്.
പ്രതിപക്ഷ നേതാവെന്ന നിലയിലെ 2011- 16 വർഷത്തെ അവസാന ടേമിൽ വിഎസിന്റെ പോരാട്ടം ആദ്യം പ്രകൃതി ചൂഷണത്തിന് എതിരായിരുന്നുവെങ്കിൽ അവസാനമത് ബാർ കോഴയിലേക്കും സോളാറും സരിതയിലേക്കുമായി മാത്രമായി ഒതുങ്ങിയതായും നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു.