ബാങ്ക് അധികൃതരുടെ ഭീഷണി ; മൂന്നംഗ കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചു, വീട്ടമ്മ മരിച്ചു
Tuesday, July 22, 2025 3:47 AM IST
കൊടുമൺ (പത്തനംതിട്ട): സ്വകാര്യ ബാങ്ക് അധികൃതരുടെ ഭീഷണിയേ തുടർന്ന് കൊടുമണ്ണിൽ ഒരു കുടുംബത്തിലെ ദന്പതികളും മകനും ആത്മഹത്യയ്ക്കു ശ്രമിച്ചു. വീട്ടമ്മ മരിച്ചു.
കൊടുമൺ രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതിൽ ലീലയാണ് (48) മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവ് നീലാംബരൻ (57) , മകൻ ദിപിൻ കുമാർ (27) എന്നിവരെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാങ്കിന്റെ ഭീഷണിയാണ് കാരണമെന്നാണ് നിഗമനം. ആദ്യം കെട്ടിത്തൂങ്ങി മരിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ തനിക്ക് പേടിയാണെന്ന് പറഞ്ഞ് മകൻ പിൻമാറാൻ ശ്രമിച്ചു. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്പോൾ ലീല അടുക്കള യിലെ കഴുക്കോലിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. പിന്നീട് ഭർത്താവും മകനും അമിത അളവിൽ ഗുളിക കഴിക്കുകയായിരുന്നുവെന്നാണ് നിഗമനം.
തിങ്കളാഴ്ച രാവിലെ ഇവരെ വീട്ടിൽ അവശനിലയിൽ കാണപ്പെടുകയായിരുന്നു. മഅവശനിലയിൽ കണ്ടവരെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.