സംഭാവന വേണമെന്ന് ഉദ്യോഗസ്ഥൻ, സസ്പെൻഡ് ചെയ്ത് വിഎസ്
Tuesday, July 22, 2025 3:47 AM IST
തൃശൂർ: സ്വാതന്ത്ര്യദിനാഘോഷപരിപാടിക്കു നിർബന്ധിതസംഭാവന ആവശ്യപ്പെട്ട വില്ലേജ് ഓഫീസർക്കെതിരേ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ നടപടിയെടുത്ത സംഭവം ഓർമിച്ച് ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി. ഉദ്യോഗസ്ഥന്റെ അനധികൃതമായ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതാകട്ടെ ദീപികയിലെ വാർത്തയിലൂടെയും.
ടോംയാസിന്റെ പാലക്കാട് ബ്രാഞ്ചിനുവേണ്ടി വാങ്ങിയ സ്ഥലത്തിനു പോക്കുവരവുചെയ്ത് നികുതി അടയ്ക്കാൻ വില്ലേജ് ഓഫീസർ 150 രൂപ സംഭാവന ആവശ്യപ്പെടുകയായിരുന്നു. മൂന്നു രൂപ ഭൂനികുതി അടയ്ക്കാനാണു സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് എന്ന പേരിൽ പണം ചോദിച്ചത്.
ടോംയാസ് പ്രതിനിധി രസീത് ആവശ്യപ്പെട്ടപ്പോൾ ജില്ലാ കളക്ടറുടെ പേരിലുള്ള രസീത് നൽകി. എന്നാൽ, ഇത്തരം പിരിവുകൾ കളക്ടറുടെ അറിവോടെയല്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തോമസ് പാവറട്ടി ഇക്കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
ദീപികയുടെ പതിവുവായനക്കാരനായ മുഖ്യമന്ത്രി വിഎസ് തിരുവനന്തപുരം എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്ത കാണുകയും ചെയ്തു. ഉടൻ ജില്ലാ കളക്ടറെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ വിഎസ് അന്നുതന്നെ വില്ലേജ് ഓഫീസർക്കെതിരേ നടപടിയെടുത്തതായി തോമസ് പാവറട്ടി ഓർമിക്കുന്നു.