ന്യൂനപക്ഷ കമ്മീഷന് ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: കത്തോലിക്ക കോണ്‍ഗ്രസ്
Wednesday, July 23, 2025 3:02 AM IST
കൊച്ചി: ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ അംഗങ്ങളെ നിയമിക്കാതെ ന്യൂനപക്ഷ കമ്മീഷന് ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
2020 മുതല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള ന്യൂനപക്ഷ അംഗത്തെ നിയമിക്കാതെ ക്രൈസ്തവരെ അവഗണിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ന്യൂനപക്ഷ കമ്മീഷനില്‍ അംഗങ്ങളില്ലാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.
കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനില്‍ നിലവില്‍ ഒരംഗം മാത്രമാണുള്ളത്. ന്യൂനപക്ഷ വിദ്യാഭ്യാസ- സാംസ്കാരിക അവകാശം മൗലിക അവകാശമാണെന്നിരിക്കെ അതിനു സഹായം നല്കുന്ന വിദ്യാഭ്യാസ കമ്മീഷനില്‍ പോലും ഒഴിവുകള്‍ നടത്താത്തത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ നിഷേധമാണ്.
അഞ്ചു വര്‍ഷമായി ക്രിസ്ത്യന്‍ സമൂഹം നിയമനത്തില്‍നിന്നു അവഗണിക്കപ്പെടുന്നതിന് എന്തു ന്യായീകരണമാണ് സര്‍ക്കാരിനു നല്കാനുള്ളതെന്നും ന്യൂനപക്ഷ സമൂഹത്തോടുള്ള അവഗണനയ്ക്കെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.
യോഗത്തില്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.