ജനസമുദ്രം സാക്ഷി
Wednesday, July 23, 2025 3:02 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: നഗരത്തില്‍ ഇന്നലെ രാവിലെ തിമിര്‍ത്തു പെയ്ത കനത്ത മഴയിലും അണികള്‍ കണ്ഠമിടറി വിളിച്ചു... കണ്ണേ കരളേ വീയെസ്സേ....ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ.... മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ തിരുവനന്തപുരത്തുനിന്നുള്ള അന്ത്യയാത്രയ്ക്കു മുമ്പ് അദ്ദേഹത്തെ ഒരുനോക്കു കാണുന്നതിനായി പതിനായിരങ്ങളാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്.
തിങ്കള്‍ രാത്രി 12ഓടെയാണ് വിഎസിന്റെ മൃതദേഹം കുന്നുകുഴിക്കു സമീപമുള്ള ബാര്‍ട്ടണ്‍ഹില്ലിലെ വേലിക്കകത്ത് വീട്ടില്‍ എത്തിച്ചത്. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അണികളുടെയും അകമ്പടിയോടെയായിരുന്നു എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍നിന്ന് വിഎസിന്റെ മൃതദേഹം വേലിക്കകത്ത് വീട്ടില്‍ എത്തിച്ചത്.
മകന് വി.എ.അരുണ്‍കുമാറും കുടുംബാംഗങ്ങളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നില്ലെങ്കിലും നൂറുകണക്കിനാളുകൾ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ പുലര്‍ച്ചെയും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു.
ഇന്നലെ രാവിലെ 8.35ന് മുഖ്യമന്ത്രി പിണറായി വിജയന് വേലിക്കകത്ത് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം ദര്‍ബാര്‍ ഹാളിലേക്കു തിരിച്ചു. പിന്നാലെ രാവിലെ 8.43ന് ആണ് വിഎസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം വേലിക്കകത്ത് വീട്ടില്‍ നിന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലേക്ക് വിലാപയാത്രയായി പുറപ്പെട്ടത്.
നൂറുകണക്കിന് അനുയായികള്‍ അദ്ദേഹത്തിന്റെ മൃതദേഹത്തെ അനുഗമിച്ചു. വിലാപയാത്ര വളരെ സാവധാനം തിരുവനന്തപുരം നഗരവീഥിയിലൂടെ നീങ്ങി. പിഎംജി, എല്‍എംഎസ്, പളയം വഴി 9.20ന് മൃതദേഹം ദര്‍ബാര്‍ ഹാളിലെത്തിച്ചു. അപ്പോഴേക്കും സെക്രട്ടേറിയറ്റ് പരിസരം ജനനിബിഡമായി മാറി.
മാധ്യമപ്രവര്‍ത്തകരുടെ വലിയ സംഘവും സ്ഥലത്തെത്തിയിരുന്നു. ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മന്ത്രിമാര്‍, ഡിജിപി റവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും എത്തിച്ചേര്‍ന്നിരുന്നു.
ഏറെ വൈകാരികമായിരുന്നു സെക്രട്ടേറിയറ്റിനു മുന്നില്‍നിന്നുള്ള കാഴ്ചകള്‍. തങ്ങളുടെ പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണുന്നതിനായി ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് ദര്‍ബാര്‍ ഹാളിലും സെക്രട്ടേറിയറ്റ് വളപ്പിലുമായി ക്ഷമയോടെ കാത്തുനിന്നത്. ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളും പലപ്പോഴും അതിവൈകാരികമായി മാറി.
കണ്ണേ കരളേ വിയെസ്സേ.... ജീവിക്കുന്നു ഞങ്ങളിലൂടെ.... ഞങ്ങളിലൊഴുകും ചോരയിലൂടെ.