കാലം കാത്തുവച്ച അപൂർവചിത്രം
Wednesday, July 23, 2025 3:02 AM IST
തൃശൂർ: കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കർ കെ. കരുണാകരൻ ഹൃദയം തകർന്നു ദുഃഖാർത്തനായി നിൽക്കുന്പോൾ അദ്ദേഹത്തെ കൈചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന വി.എസ്. അച്യുതാനന്ദൻ.
കാലം കാത്തുവച്ച അപൂർവചിത്രം ഇപ്പോഴും ന്യൂസ് ഫോട്ടോഗ്രാഫറായിരുന്ന കെ.കെ. രവീന്ദ്രന്റെ കൈകളിൽ ഭദ്രം. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മ മരിച്ചപ്പോൾ തൃശൂരിലെത്തിയ വിഎസ്, കരുണാകരനെ ആശ്വസിപ്പിക്കുന്ന അപൂർവനിമിഷമാണു രവീന്ദ്രൻ പകർത്തിയത്.
1993ലാണ് കല്യാണിക്കുട്ടിയമ്മ മരിക്കുന്നത്. അന്നു പ്രാണന്റെ പാതി വേർപെട്ടുപോയതിന്റെ വേദനയിൽ ആകെ തകർന്നുനിൽക്കുന്ന കരുണാകരനെ ആശ്വസിപ്പിക്കാനാണ് വിഎസ് എത്തിയത്.
അന്ന് ആ ചിത്രം പകർത്തിയതിനെക്കുറിച്ച് കെ.കെ. രവീന്ദ്രൻ ഓർക്കുന്നു: ഞാൻ അന്ന് എക്സ്പ്രസിന്റെ ഫോട്ടോഗ്രാഫറാണ്. ഉച്ചയോടെയാണ് എക്സ്പ്രസ് ഓഫീസിലേക്ക് എനാർക്ക് രാമകൃഷ്ണന്റെ ഫോണ് വരുന്നത്. കരുണാകരന്റെ വീട്ടിൽ വിഎസ് വന്നിട്ടുണ്ട്, ഇറങ്ങാൻ നിൽക്കുകയാണ് എന്നായിരുന്നു സന്ദേശം.
ഇതു കേട്ടതും ഒരു നല്ല ഫോട്ടോ എടുക്കാമല്ലോ എന്ന ചിന്തയിൽ കാമറയുമെടുത്ത് എക്സ്പ്രസിന്റെ ജീപ്പിൽ കയറി. ചേറൂരുള്ള പോൾ ആയിരുന്നു ഡ്രൈവർ. പൂങ്കുന്നത്ത് അന്നു മേൽപ്പാലമില്ല. പാട്ടുരായ്ക്കൽ കഴിഞ്ഞ് പൂങ്കുന്നത്തേക്കു തിരിഞ്ഞപ്പോൾ പൂങ്കുന്നം റെയിൽവേ ഗേറ്റ് അടയ്ക്കാൻ തുടങ്ങുന്നു. പോൾ നീട്ടിനീട്ടി ഹോണടിച്ചു. അതുകേട്ട് ഗേറ്റ്മാൻ ആംബുലൻസാണോ വരുന്നതെന്നു കരുതി ഒരു നിമിഷം ഗേറ്റടയ്ക്കാതെ നിന്നു. അതു മതിയായിരുന്നു പോളിനു ഗേറ്റ് കടന്നുപോകാൻ. അങ്ങനെ അതിവേഗം പൂങ്കുന്നം മുരളിമന്ദിരത്തിലെത്തി.
ജീപ്പിലിരുന്നുതന്നെ ഞാൻ കാമറ ഫ്ളാഷെല്ലാംവച്ച് സെറ്റാക്കിയിരുന്നു. മുരളിമന്ദിരത്തിൽ ചെന്നിറങ്ങുന്പോൾ വിഎസ് ഇറങ്ങാൻ തുടങ്ങുകയാണ്. അപ്പോഴാണ് വിഎസ് കരുണാകരന്റെ കൈകൾ കൂട്ടിപ്പിടിച്ച് നെറ്റികൾ പരസ്പരം മുട്ടിച്ച് ആശ്വസിപ്പിച്ചത്. ആ നിമിഷമാണു പൊടുന്നനേ കാമറയിൽ പകർത്തിയത്.
വേറെ ആരും ആ സമയത്തു ഫോട്ടോയെടുക്കാൻ അവിടെ ഇല്ലാത്തതുകൊണ്ട് പിറ്റേന്ന് ആ ചിത്രം എക്സ്പ്രസിന്റെ എക്സ്ക്ലൂസീവായി.ദീപികയുടെ തൃശൂർ യൂണിറ്റിൽ ഫോട്ടോഗ്രാഫറായിരിക്കേ കൊടുങ്ങല്ലൂരിൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ. അബ്ദുൾ കലാം വന്നപ്പോൾ വിഎസുമൊത്തുള്ള ചിത്രം പകർത്താനും എനിക്കു സാധിച്ചു- രവീന്ദ്രൻ പറഞ്ഞു.